Site iconSite icon Janayugom Online

മലപ്പുറം വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം ചിറ്റലാടിമേലു വീട്ടിൽ സേതുമാധവന്റെ മകൻ ശരത് (28), ലോറി ഡ്രൈവർ ചാലക്കുടി അലമറ്റം കുണ്ടൂർ ചൂലക്കൽ വീട്ടിൽ രാജപ്പൻെറ മകൻ ഉണ്ണികൃഷ്ണൻ (49), ചാലക്കുടി വടക്കുംഞ്ചേരി ജോർജിൻെറ മകൻ അരുൺ (28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം.

നാസിക്കിൽ നിന്നും സവാളയുമായി ആലുവയിലേക്ക് പോകുകയായിരുന്നു ചരക്ക് ലോറി വട്ടപ്പാറ കൊടുംവളവിൽ നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ച മൂന്നുപേരും ലോറിയിലുണ്ടായിരുന്നവരാണ്. ലോറിയുടെ ക്യാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മൂന്നുപേരും പൊലീസും, അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.

വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ഡിവൈഎസ്|പി ബിജുവിന്റെ നിർദ്ദേശ പ്രകാരം വളാഞ്ചേരി എസ്എച്ച്ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി, കുറ്റിപ്പുറം, കാടാമ്പുഴ സ്റ്റേഷനിലെ പൊലീസുകാരും, തിരൂർ, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.

Eng­lish Sum­ma­ry: three died in an acci­dent in vattappara
You may also like this video

Exit mobile version