Site iconSite icon Janayugom Online

സംസ്ഥാനത്ത് 26ന് മൂന്നുലക്ഷം അയല്‍ക്കൂട്ട സംഗമം

ayalkoottamayalkoottam

കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട് അയൽക്കൂട്ട സംഗമം നടത്തുന്നു. സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലും 26ന് ‘ചുവട് 2023’ എന്ന പേരിൽ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി അന്ന് രാവിലെ എട്ടിന് സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളിലും ദേശീയ പതാക ഉയർത്തും.

അയൽക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. തുടർന്ന് കുടുംബശ്രീ യൂട്യൂബ് ചാനൽ വഴി അയൽകൂട്ട സംഗമ സന്ദേശമുണ്ടാകും. വിവിധ വിഷയങ്ങളിൽ ചർച്ചകളും നടത്തും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവർത്തനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്മയുള്ള ജീവിത നിലവാരം എന്നിവ ഉൾപ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയൽക്കൂട്ട സംഗമത്തെ മാറ്റുകയാണ് ലക്ഷ്യം.
45 ലക്ഷം അയൽക്കൂട്ടാംഗങ്ങൾ, കുടുംബശ്രീ വനിതകൾ, അവരുടെ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ബാലസഭാംഗങ്ങൾ വയോജന അയൽക്കൂട്ട അംഗങ്ങൾ, പ്രത്യേക അയൽക്കൂട്ട അംഗങ്ങൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കും. 26ന് ആരംഭിച്ച് മെയ് 17ന് പൂർത്തിയാകുന്ന വിധത്തിലാണ് രജതജൂബിലി ആഘോഷങ്ങൾ ഒരുക്കുന്നത്. രജത ജൂബിലി എല്ലാ അയൽക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കും. 

പൊതു ഇടങ്ങൾ സ്ത്രീകളുടേതു കൂടിയാണെന്നും അവരുടെ സാമൂഹിക സാംസ്കാരിക ആവിഷ്കാര പ്രവർത്തനങ്ങൾക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
അയൽക്കൂട്ടസംഗമം ആകർഷകമാക്കുന്നതിന് കലാ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവുമുണ്ടാകും. 26ന് മുൻപ് നടക്കുന്ന അയൽക്കൂട്ടയോഗത്തിൽ ‘ചുവട് 2023’-ന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിനും സംസ്ഥാന കുടുംബശ്രീ മിഷൻ നിർദേശം നല്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Three lakh neigh­bor­hood gath­er­ing in the state on 26th

You may also like this video

Exit mobile version