Site iconSite icon Janayugom Online

ത്രിഭാഷാ നയം : നടപ്പാക്കാതിരുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി

കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ത്രിഭാഷാ നയം നടപ്പാക്കാതിരുന്ന കേരളം, തമിഴ് നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തമിഴ് നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ ജി എസ് മണി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് തള്ളിയത്.ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020) പ്രകാരമാണ്‌ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട്‌ ത്രിഭാഷ നയം നടപ്പാക്കാൻ ആവശ്യപ്പെട്ടത്‌.

ഇന്ത്യയിലെ കുട്ടികള്‍ മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷ നയത്തിന്റെ അടിസ്ഥാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പെടെ ഹിന്ദി അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്‌. സംസ്ഥാനങ്ങളോട്‌ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഏറ്റെടുക്കാൻ പറയാൻ സുപ്രീംകോടതിക്ക്‌ സാധിക്കില്ലെന്ന്‌ ഹർജി പരിഗണിക്കവെ പർദിവാല അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.

മൗലികാവകാശങ്ങളിൽ ലംഘനമുണ്ടായാൽ മാത്രമേ കോടതിക്ക്‌ ഇടപെടാൻ സാധിക്കുകയുള്ളൂ എന്നും, ഈ വിഷയത്തിൽ അതുണ്ടായിട്ടില്ലെന്നും ബെഞ്ച്‌ വ്യക്തമാക്കി. ഹർജി സമർപ്പിച്ച അപേക്ഷകന്‌ വിഷയവുമായുള്ള ബന്ധത്തെകുറിച്ചും കോടതി ചോദിച്ചു. ഡൽഹിയിൽ താമസമാക്കിയ ജി എസ്‌ മണി ബിജെപിയുമായി ബന്ധമുള്ളയാളാണ്‌. സംസ്ഥാനങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്‌ തിരിച്ചടി കൂടിയാണ്‌ ഈ വിധി.

Exit mobile version