Site iconSite icon Janayugom Online

ഒമിക്രോണിന് മൂന്ന് പുതിയ ഉപവകഭേദങ്ങള്‍; ബിഎ.2 വൈറസിന് ജനിതകമാറ്റം

ഒമിക്രോണ്‍ വകഭേദമായ ബിഎ.2വിന്റെ മൂന്ന് ഉപവകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തി. ബിഎ2.74, ബിഎ.2.75,ബിഎ.2.76 എന്നീ വകഭേദങ്ങളെയാണ് കണ്ടെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അതിതീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജെനോമിക്സ് കണ്‍സോര്‍ഷ്യത്തിലെ (ഇന്‍സാകോഗ്) മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് പുതിയ വകഭേദങ്ങളെ കണ്ടെത്തിയതായി അറിയിച്ചത്. ജൂണ്‍ പകുതിയോടെ കണ്ടെത്തിയ ബിഎ.2.38 വകഭേദവും കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ത്യയില്‍ 298 ബിഎ.2.76 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ബിഎ.2.74 ബാധിച്ച 216 കേസുകളും ബിഎ.2.75ന്റെ 43 കേസുകളുമാണ് ഈ കാലയളവില്‍ സ്ഥിരീകരിച്ചത്.

ഇതില്‍ തന്നെ മനുഷ്യകോശങ്ങളിലേക്ക് വളരെവേഗത്തില്‍ പറ്റിപ്പിടിക്കുന്ന ബിഎ2.75ന് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് വ്യാപനം കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ്, കാനഡ, ജപ്പാന്‍ രാജ്യങ്ങളിലെല്ലാം ബിഎ.2.75 വ്യാപിക്കുകയാണ്.

ബിഎ.4, ബിഎ.5 വകഭേദങ്ങളുടെ വ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. നൂറോളം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ കണ്ടെത്തിയിരിക്കുന്ന വകഭേദങ്ങള്‍ അടുത്ത കോവിഡ് തരംഗത്തിന് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് പ്രതിവാര കോവിഡ് കേസുകള്‍ നാലു് മാസത്തിന് ശേഷം ഒരുലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 16,135 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ 2603 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Eng­lish summary;Three new sub-vari­ants for Omicron

you may also like this video;

Exit mobile version