ചെങ്കോട്ട സ്‌ഫോടനത്തിൽ ഇമാം അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍ ആയെന്ന് സൂചന. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഭീകരർ ഇന്ത്യയിലുള്ളവരെ ബന്ധപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഹരിയാന സോഹ്‌നയിലെ മസ്ജിദ് ഇമാം അടക്കം മൂന്നുപേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി മസ്ജിദില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
പാക് അധീന കാശ്മീർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പിൽ പിടിയിലായവരും അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഏഴുപേര്‍ വീതം ഗ്രൂപ്പുകളില്‍ അംഗങ്ങളായിരുന്നുവെന്നും, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സ്വദേശികളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

