Site iconSite icon Janayugom Online

ട്രെയിനിടിച്ച് കാഞ്ഞങ്ങാട് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽപ്പെട്ടവര്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ന കോയമ്പത്തൂര്‍— ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.
കോട്ടയത്തേക്കുള്ള മലബാർ എക്സ്പ്രസ്സിൽ കയറാൻ സ്റ്റേഷനിലെത്തിയതായിരുന്നു ഇവർ. മലബാർ എക്സ്പ്രസ് വരുന്നത് രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണെന്നു കരുതി അവിടെ കാത്തുനില്ക്കുകയായിരുന്ന ഇവർ ട്രെയിൻ വരുന്നത് ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണെന്ന് മനസ്സിലായതോടെ പെട്ടെന്ന് അവിടേക്ക് ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഇതേസമയം കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കോയമ്പത്തൂർ‑ഹിസാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സാണ് ഇടിച്ചത്. 

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്‍റെ തെക്കുഭാഗത്ത് മാത്രമാണ് മേൽപാലവും ലിഫ്റ്റും ഉള്ളത്. സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടം വടക്കുഭാഗത്തായതിനാൽ അധികം യാത്രക്കാരും പാളം മുറിച്ചുകടക്കുന്നത് പതിവാണ്. 

Exit mobile version