Site iconSite icon Janayugom Online

വയോധിക ദമ്പതികളുടെ അറത്തുമാറ്റിയ തല കണ്ടെത്തിയത് കോണിപ്പടിയിൽ; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു

വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡില്‍ പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ മകന്‍ അക്മലി(26)നാണ് പ്രതി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. ദമ്പതിമാരുടെ മകന്‍ നൗഷാദ് പ്രഭാതഭക്ഷണവുമായി വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകവിവരം അറിഞ്ഞത്. ഇരുനിലകളുള്ള വീട്ടില്‍ താഴത്തെ മുറികളിലായിരുന്നു ഇരു മൃതദേഹങ്ങളും. കഴുത്ത് അറത്തുമാറ്റിയ നിലയിലായിരുന്നു.

ജമീലയുടെ തല വീട്ടിലെ കോണിപ്പടിയിലാണ് ഉണ്ടായിരുന്നത്. കൊല നടത്താന്‍ ഉപയോഗിച്ച വെട്ടുകത്തി വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അബ്ദുള്ളയും ജമീലയും അക്മലും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവരുടെ മകള്‍ നിമിതയുടെ ആദ്യവിവാഹത്തിലെ മകനാണ് അക്മല്‍. കുഞ്ഞുനാള്‍മുതല്‍ അക്മലിനെ വളര്‍ത്തിയത് അബ്ദുള്ളയും ജമീലയുമാണ്.

വീട്ടില്‍ ഇടയ്ക്കിടെ പ്രശ്നമുണ്ടാക്കുമായിരുന്ന അക്മലിനെ കഴിഞ്ഞ വര്‍ഷം തിരൂരിലെ പുനരധിവാസകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നുമാസംമുന്‍പാണ് ചികിത്സ കഴിഞ്ഞെത്തിയത്.

പിന്നീട് സ്വകാര്യ ബാങ്കില്‍ ജോലിക്ക് കയറിയ അക്മല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നാണ് ബന്ധുക്കള്‍ കരുതിയത്. കുറച്ചുദിവസമായി വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് അബ്ദുള്ളയെയും ജമീലയെയും കൂട്ടിക്കൊണ്ടുപോകാന്‍ മകന്‍ നൗഷാദ് ഞായറാഴ്ച വൈകീട്ട് വന്നിരുന്നു. പക്ഷേ, ഇവര്‍ പോകാന്‍ തയ്യാറായില്ല. നൗഷാദ് പോയി മണിക്കൂറുകള്‍ക്കുള്ളിലാണ് കൊലപാതകങ്ങള്‍ നടന്നത്.

അക്മലിനെ ഇന്ന് സംഭവ സ്ഥലത്തേത്തിച്ച് തെളിവെടുപ്പ് നടത്തും. മംഗലാപുരത്തു നിന്നും പിടികൂടിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തർക്കമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക മൊഴി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതി അക്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബ്ദുള്ളകുട്ടിയെയും ജമീലയെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു.

Eng­lish Sum­ma­ry: thris­sur elder­ly cou­ple killed by their grand son
You may also like this video

Exit mobile version