Site iconSite icon Janayugom Online

തൃശൂരുകാരിക്ക് ഹോളണ്ടിൽ നിന്നും വിവാഹാലോചന: സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ

ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. യുവതിയുടെ മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയിരുന്നു. ആംസ്റ്റർഡാമിൽ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തി ഇയാള്‍ യുവതിയുടെ വാട്സ്ആപ്പിലേക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് സന്ദേശം അയക്കുകയായിരുന്നു. വിവാഹശേഷം ആംസ്റ്റർഡാമിലേക്ക് പോകാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഒരു ദിവസം യുവാവിന്റെ അമ്മയാണെന്നു പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിക്കുകയും മകന് യുവതിയെ ഇഷ്ടപ്പെട്ടുവെന്നും വിവാഹത്തിന് പൂർണ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. യുവാവും യുവതിയും തമ്മിൽ ഇഷ്ടത്തിലാകുകയും, വാട്സ്ആപ്പ് വഴിയുള്ള ചാറ്റിങ്ങ് തുടരുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 2ന് യുവാവ് ആംസ്റ്റർഡാമിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അപ്പോൾ തൃശൂരിലെത്തി യുവതിയെ കാണാമെന്നും പറഞ്ഞിരുന്നു.

ഒക്ടോബർ 3ന് രാവിലെ 10.30ന് ഡൽഹി കസ്റ്റംസ് ഓഫീസിൽ നിന്നുമാണെന്ന് പറഞ്ഞ് യുവതിക്ക് ഒരു ടെലിഫോൺകോൾ വന്നു. ന്യൂഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിന്റെ കൈവശം കുറേയധികം യൂറോ കറൻസി കണ്ടെടുത്തു എന്നും അതിനാൽ അയാളെ തടഞ്ഞു വെച്ചിരിക്കയാണെന്നും പിഴയായി 85,000 രൂപ അടയ്ക്കണമെന്നുമായിരുന്നു ഫോണ്‍കോളിന്റെ ഉള്ളടക്കം. യുവാവിന് ഇന്ത്യയിൽ മറ്റാരുമില്ലാത്തതിനാലാണ് യുവതിയെ വിളിക്കുന്നതെന്നും പിഴയടക്കുകയാണെങ്കിൽ യുവാവിനെയും പിടിച്ചെടുത്ത യൂറോയും വിട്ടുനൽകുമെന്നും യൂറോ കറൻസി പിന്നീട് ഇന്ത്യയിലെ ഏതു ബാങ്കിൽ നിന്നും രൂപയാക്കി മാറ്റിയെടുക്കാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച് യുവതി 85,000 രൂപ അയാളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അയച്ചുകൊടുക്കുകയായിരുന്നു. 

പണം കിട്ടിക്കഴിഞ്ഞ് ഏതാനും സമയം കഴിഞ്ഞപ്പോൾ വീണ്ടും ഫോണ്‍ വരികയും യുവാവിന്റെ കൈവശമുള്ള യൂറോ കറൻസിഏതെങ്കിലും ബാങ്കിൽ നിന്നും രൂപയായി മാറ്റിയെടുക്കാൻ 3 ലക്ഷം രൂപ കൂടി പ്രൊസസിങ്ങ് ഫീസ് ഇനത്തിൽ ഉടനെത്തന്നെ അടയ്ക്കണം എന്നും പറയുകയുണ്ടായി. ആ സമയം 3 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ ഇല്ലാത്തതിനാൽ യുവതി പണം നൽകിയില്ല. ഇതേ ആവശ്യം പറഞ്ഞ് തുടരെത്തുടരെ ഫോണ്‍കോള്‍ വന്നതോടെ സംശയം തോന്നിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ വിളിച്ച യുവാവിന്റെയും അമ്മയുടെയും ഫോൺ നമ്പറുകൾ പിന്നീട് പ്രവര്‍ത്തനരഹിതമാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Thris­sur girl gets mar­riage pro­pos­al from Hol­land: Rs 85,000 lost in cyber fraud

You may also like this video

Exit mobile version