സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തൃശൂര്‍ സിറ്റിയില്‍. സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒമ്പതു മാസത്തിനിടെ വിവിധമേഖലകളിലായി 1975 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 258 കേസുകളും തൃശൂര്‍ സിറ്റിയില്‍ നിന്നാണ്. ഇതില്‍ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോര്‍ഫിംഗ് മൂന്ന് കേസുകള്‍, ഒഎല്‍എക്‌സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകള്‍, ഒടിപി തട്ടിപ്പ് 30 കേസുകള്‍ , മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 200 കേസുകള്‍ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം.
രണ്ടാം സ്ഥാനം തിരുവനന്തപുരം സിറ്റിക്കാണ്. ഇവിടെ നിന്ന് 211 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാമത് കോട്ടയം ജില്ലയാണ്. ഇവിടെ നിന്ന് 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതല്‍ കേസ് രജിസ്റ്റര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. ഇവിടെ നിന്ന് ഇക്കാലയളവില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബ്ലാക്ക് മെയിലിംഗ് തൃശൂര്‍ സിറ്റി(20 കേസുകള്‍), മോര്‍ഫിംഗ് മലപ്പുറം(എട്ടു കേസുകള്‍), വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് ആലപ്പുഴ(അഞ്ച് കേസുകള്‍), ഒഎല്‍എക്‌സ് ആപ്പ് തട്ടിപ്പ് തിരുവനന്തപുരം സിറ്റി(13 കേസുകള്‍), ഒടിപി തട്ടിപ്പ് തിരുവനന്തപുരം സിറ്റി(32 കേസുകള്‍), മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തൃശൂര്‍ സിറ്റി(200 കേസുകള്‍) എന്നീ ജില്ലകളാണ് ഓരോ കുറ്റകൃത്യങ്ങളിലും മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കണ്ണൂര്‍ റൂറലിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറവ്. ഇവിടെ നിന്ന് ഇതുവരെ 21 സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൈബര്‍ ഇടങ്ങളില്‍ ജനം കൂടുതല്‍ വ്യാപൃതരായതോടെ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈബര്‍ തട്ടിപ്പുകള്‍ക്കോ ലൈംഗികാതിക്രമങ്ങള്‍ക്കോ ഇരയായാല്‍ ധൈര്യപൂര്‍വം പരാതിപ്പെടണം എന്ന ഉപദേശമാണ് കേരള പൊലീസും നല്‍കുന്നത്.
You may also like this video