തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിനെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് പൂരം നടത്തിപ്പ് സുഗമമാക്കാനെന്ന പേരിൽ കേന്ദ്ര മന്ത്രി തൃശൂരിൽ ഒരു യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗ തീരുമാനത്തിന്റെ മഷി ഉണങ്ങും മുമ്പാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പൂരം വെടിക്കെട്ടിനെ തടസ്സപ്പെടുത്തുന്ന പുതിയ ഉത്തരവിറക്കിയത്.
കേന്ദ്ര സഹമന്ത്രിക്ക് ദില്ലിയിൽ യാതൊരു വിലയും ഇല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. തനിക്ക് ചുറ്റും പത്ത് വകുപ്പുകളുടെ സജീവ ഏകോപനം എപ്പോഴും ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വീമ്പ് പറഞ്ഞയാളാണ് സുരേഷ്ഗോപി. ഇദ്ദേഹം കേന്ദ്ര മന്ത്രിയായിട്ട് തൃശൂർകാർക്ക്യാതൊരു പ്രയോജനവുമില്ലെന്ന് വ്യക്തമായിരിക്കുന്നു. ക്യാമറക്ക് മുന്നിൽ തിരക്കഥാകൃത്ത് തയ്യാറാക്കിയ സംഭാഷണം സംവിധായകന്റെ നിർദ്ദേശാനുസരണം പറയുന്നത് പോലെയല്ല സങ്കീർണ്ണ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. വ്യക്തമായ ദിശാബോധമില്ലാത്ത വെറുമൊരു വാചക കസർത്തുകാരൻ മാത്രമാണ് സുരേഷ് ഗോപി. തൃശൂർ പൂരം മാത്രമല്ല കേരളത്തിലെ സകലമാന ആഘോഷ വെടിക്കെട്ടുകളെയും ഇല്ലാതാക്കുന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം കേന്ദ്ര ഗവൺമെന്റ് റദ്ദാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.