പൂരങ്ങളുടെ പൂരമെന്ന് കേൾവികേട്ട തൃശൂർ പൂരം ഇന്ന്. ഇന്നലെ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയ നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി.10 ക്ഷേത്രങ്ങളാണ് തൃശൂർ പൂരത്തിൽ സംബന്ധിക്കുന്നത്. ഇതിലെ രണ്ട് പ്രധാന പങ്കാളി ക്ഷേത്രങ്ങളാണ് പാറമേക്കാവും-തിരുവമ്പാടിയും. പൂരദിനത്തിൽ ഏറ്റവും ആദ്യം വടക്കുംനാഥ സന്നിധിയിലെത്തുന്നത് കണിമംഗലം ശാസ്താവാണ്. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനട വഴിയെത്തുന്ന ഏക ഘടക പൂരവും കണിമംഗലം ശാസ്താവിന്റേതാണ്. പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന ശാസ്താവിന്റെ പൂരം വെയിലേൽക്കുന്നതിന് മുമ്പ് അഞ്ച് ആനകളോടെ വടക്കുംനാഥനെ വണങ്ങി പടിഞ്ഞാറെ നടവഴി ഇറങ്ങുന്നു. ഇതിനു ശേഷം മറ്റു ഏഴ് ഘടകപൂരങ്ങളും ഒന്നിനും പുറകെ ഒന്നായി നിശ്ചിത സമയക്രമത്തിൽ പൂരപ്പറമ്പിലേക്ക്എത്തും.
കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ നിന്നും തിരുവമ്പാടിയുടെ അതി പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം 11 മണിക്ക് ആരംഭിക്കും. 250 ഓളം വാദ്യകലാകാരന്മാരെ അണിനിരത്തി അത്ഭുതം സൃഷ്ടിക്കുന്ന ഇലഞ്ഞിത്തറമേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ പ്രാമാണികനാകും. സാന്ധ്യശോഭയോടൊപ്പമുള്ള കുടമാറ്റത്തിന് ശേഷം രാത്രി, പൂരങ്ങളുടെ ആവർത്തനമാണ്. പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്. പിറ്റേന്ന് ദേശക്കാരുടെ പകൽപ്പൂരം. ഉച്ചയ്ക്ക് ഒരു മണിയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.
English Summary: Thrissur Pooram of musical and colorful wonders today
You may also like this video