Site iconSite icon Janayugom Online

പൂരനഗരിയിൽ ഇന്ന് പുലിയിറങ്ങും

ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂരിൽ ഇന്ന് പുലികളിറങ്ങും. അരമണി കിലുക്കിയെത്തുന്ന പുലിക്കൂട്ടങ്ങൾ വീഥികൾ കൈയടക്കുമ്പോൾ നഗരം പുലിത്താളത്തിലമരും. തൃശൂരിന്റെ സ്വന്തം പുലിക്കളി കാണാനായി സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവരാൽ നഗരം നിറയും. ഇന്ന് വൈകിട്ട് നാല് മുതൽ സ്വരാജ് റൗണ്ടിലാണ് പുലിക്കളി നടക്കുന്നത്. അവസാനവട്ട ഒരുക്കത്തിലാണ് സംഘങ്ങൾ. തൃശൂർ നഗരത്തിലും ഒരുക്കങ്ങൾ തകൃതിയാണ്. വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം, സീതാറാം മിൽ ദേശം, അയ്യന്തോൾ ദേശം, കാനാട്ടുകര ദേശം എന്നിവരാണ് ഇക്കൊല്ലം തൃശൂരിനെ പുലിത്താളത്തിൽ ആറാടിക്കുക.

വൈവിധ്യങ്ങളുടെ രഹസ്യക്കൂട്ടുകളാണ് പുലിവിസ്മയത്തിനായി ഓരോ ദേശവും ഒരുക്കിവച്ചിരിക്കുന്നത്. നിറങ്ങളിലും വേഷങ്ങളിലും ടാബ്ലോകളിലും വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ദേശങ്ങൾ. ഇത്തവണ എല്ലാ സംഘത്തിലും പെൺപുലികൾ അണിനിരക്കുന്നുവെന്നതും പ്രത്യേകതയാണ്. മാലിന്യമുക്ത നവകേരളവും 2023 സീറോ വേയ്സ്റ്റ് കോർപറേഷൻ ക്യാമ്പയിനുകൾ മുൻനിർത്തിയുള്ള നിശ്ചല ദൃശ്യങ്ങളും ഈ വർഷത്തെ പ്രത്യേകതകളാണ്. ഒരോ പുലിക്കളി സംഘത്തിലും പുരാണം, സമകാലികം എന്നിങ്ങനെ രണ്ടു ടാബ്ലോകൾ വീതമുണ്ടാകും. പുലിവണ്ടി ഒരെണ്ണമാണുണ്ടാവുക.

നിശ്ചലദൃശ്യങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഒരോ പുലിക്കളി സംഘങ്ങളും അവരവരുടെ പുലിവേഷക്കാരെ തീരുമാനിച്ചു കഴിഞ്ഞു. പുലിമടകളിൽ ഇന്നലെ തന്നെ പുലികൾക്കു ചാർത്താനുള്ള നിറങ്ങളുടെ (പെയിന്റ്) അരപ്പ് ആരംഭിച്ചു. പുലിക്കളിയോടനുബന്ധിച്ച് ഇന്ന് രാവിലെ മുതൽ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ച മുതൽ വാഹനഗതാഗതവും നിയന്ത്രിക്കും. ഇത്തവണ അഞ്ച് ടീമുകളാണ് പുലിക്കളിക്കായി കളത്തിലിറങ്ങുക. നേരത്തെ പത്ത് ടീമുകൾ വരെ പുലിക്കളിക്കായി സ്വരാജ് റൗണ്ടിലെത്തിയിരുന്നു, എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം വർഷം കഴിയുന്തോറും ടീമുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്.

Eng­lish Sum­ma­ry: thris­sur pulikali
You may also like this video

Exit mobile version