Site iconSite icon Janayugom Online

സില്‍വര്‍ലൈന്‍ സര്‍വേ ലിഡാർ സാങ്കേതിക വിദ്യയിലൂടെ

സിൽവർലൈനിന്റെ വിശദമായ പദ്ധതി റിപ്പോർട്ടിനു വേണ്ടി ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയത് ലിഡാർ സാങ്കേതിക വിദ്യയിലൂടെ. റയിൽവേ ബോർഡ് ശുപാർശ ചെയ്യുന്ന ആധുനിക സർവേ സംവിധാനങ്ങളിൽ ഏറ്റവും കൃത്യതയാർന്ന സംവിധാനമാണ് ലിഡാർ അഥവാ ലൈറ്റ് ഡിറ്റക്ടിങ് ആന്റ് റെയ്ഞ്ചിങ്. മറ്റ് ആധുനിക സംവിധാനങ്ങളുമായി താരതമ്യം ചെയ്ത് വിശദമായ പഠനം നടത്തിയ ശേഷമാണ് ലിഡാർ സർവേ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.

പുതിയ പാതകളുടെ നിർമ്മാണം, പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം തുടങ്ങിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഫൈനൽ ലൊക്കേഷൻ സർവേയ്ക്ക് അത്യന്താധുനിക സർവേ സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ റയിൽവേ നേരത്തെ ശുപാർശ ചെയ്തിരുന്നു. ആധുനിക സർവേ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കാൻ റയിൽവേ ബോർഡ് നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റയിൽവേ ഈ നയം സ്വീകരിച്ചത്. സർവേ റിപ്പോർട്ടുകളും വിശദമായ പദ്ധതി റിപ്പോർട്ടുകളും തയാറാക്കുമ്പോൾ ആധുനിക സർവേ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം.

ഭൂമിയുടെ ഉപരിതലം സംബന്ധിച്ച ഏറ്റവും കൃത്യമായ വിവരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കണ്ടെത്താൻ പറ്റുമെന്നതാണ് ലിഡാർ ടെക്നോളജിയുടെ പ്രത്യേകത. മുംബൈ-അഹമ്മദാബാദ്, ഡൽഹി-വാരണാസി അതിവേഗ റയിൽപാതയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവേ നടത്തിയിട്ടുള്ളത്. റിമോട്ട് സെൻസറുകൾ ഉപയോഗിച്ച്, ലൈറ്റ് പൾസുകൾ ഭൂമിയിലെ പ്രതലത്തിൽ പതിപ്പിച്ച് ഭൂമിയിലെ എല്ലാ വസ്തുക്കളും സ്കാൻ ചെയ്യുന്ന ടെക്നോളജിയാണിത്. ഉയർന്ന റെസല്യൂഷനുള്ള ഒരു കാമറയുമുണ്ടാകും. ഈ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാമട്രി സർവേയും നടത്തും. അങ്ങിനെ കുിട്ടുന്ന ഡാറ്റ പ്രോസസ് ചെയ്ത് കൃത്യമായ വിവരം ശേഖരിക്കാൻ പറ്റും. ജിയാനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സിൽവർലൈനിനു വേണ്ടി ലിഡാർ സർവേ നടത്തിയത്.

റവന്യു വകുപ്പ് നടത്തുന്നത് അലൈന്‍മെന്റിന്റെ അതിര്‍ത്തി കണ്ടെത്തുന്ന പ്രവൃത്തി

 

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കു വേണ്ടി സംസ്ഥാന റവന്യു വകുപ്പ് നടത്തുന്നത് പാതയുടെ അലൈൻമെന്റിന്റെ അതിർത്തി കണ്ടെത്തുകയും അതിരടയാള കല്ലുകൾ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തി മാത്രം. ഈ നടപടി നിയമപ്രകാരമാണെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിക്കുകയും ചെയ്തു.

ഭൂമി ഏറ്റെടുക്കലിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമ പ്രകാരമുള്ള സാമൂഹിക ആഘാത പഠനത്തിന് സൗകര്യം ഒരുക്കുന്നതിനാണ് അതിരുകൾ കണ്ടെത്തുന്നത്. ഈ അതിർത്തിക്കുള്ളിൽ വരുന്ന സ്ഥലം ഉടമകളെയും പദ്ധതി ബാധിതരേയും കണ്ടെത്താൻ സംസ്ഥാനത്ത് അനുവർത്തിച്ചു വരുന്ന നടപടിക്രമങ്ങൾ മാത്രമേ കെ റയിലിനു വേണ്ടിയും സർക്കാർ സ്വീകരിക്കുന്നുള്ളൂ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ, ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരമുള്ള സർവേ ഈ ഘട്ടത്തിൽ നടത്താൻ പറ്റില്ല. സാമൂഹിക ആഘാത പഠനത്തിനു ശേഷം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച ശേഷമേ സർവേ നടത്താൻ സാധിക്കുകയുള്ളു.

കേന്ദ്ര റയിൽവേ ബോര്‍ഡ് തത്വത്തിൽ അംഗീകാരം നൽകിയ പ്രകാരമാണ് നിക്ഷേപ പൂർവ നടപടികൾ എന്ന നിലയിൽ ഈ നടപടികൾ പൂർത്തിയാക്കുന്നത്. തത്വത്തിൽ അംഗീകാരം ലഭിച്ച റയിൽവേ പദ്ധതികൾക്ക് നൂറു കോടി രൂപ വരെ ചെലവു വരുന്ന പ്രവൃത്തികൾ നടത്താൻ സാധിക്കും.

 

Eng­lish Sum­ma­ry: Through Sil­ver­line Sur­vey lidar technology

 

You may like this video also

Exit mobile version