Site iconSite icon Janayugom Online

വയനാട്ടില്‍ കടുവയുടെ വളര്‍ത്തുമൃഗവേട്ട തുടരുന്നു; മയക്കുവെടി വെക്കാന്‍ വനം വകുപ്പ്

വയനാട് അമരക്കുനിയിൽ ഇറങ്ങിയ കടുവ വളർത്തുമൃ​ഗവേട്ട തുടരുന്നു. ഊട്ടിക്കവലയിൽ കടുവ വീണ്ടും ആടിനെ കൊന്നു.പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കൊന്നത്.ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ ഒച്ചവെച്ചതിനെത്തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോകുകയായിരുന്നു.ഇതോടെ കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി.

ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇന്നു തന്നെ കടുവയെ പിടികുടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടുവയെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചു വരികയാണ്. എന്നാല്‍ കാപ്പിത്തോട്ടത്തിനുള്ളില്‍ വെച്ച് മയക്കുവെടി വെക്കുക ദുഷ്‌കരമാണ്. അതിനാല്‍ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം നടത്തുന്നതെന്നും ഡിഎഫ്ഒ അറിയിച്ചു

Exit mobile version