Site icon Janayugom Online

കടുവകളെ പിടിക്കാന്‍ കിടുവയിറങ്ങുന്നു

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ നിര്‍ണായക പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയിറങ്ങുന്നത് കരുതലോടെയായിരിക്കും. അട്ടിമറി തോല്‍വിയേറ്റുവാങ്ങേണ്ടി വന്നാല്‍ ഇന്ത്യയുടെ സെമിപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും.
ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യക്ക് കഴിഞ്ഞ കളിയില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതാണ് തിരിച്ചടിയായത്. മൂന്ന് കളിയില്‍ അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. 

ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്റ് വീതമാണുള്ളത്. റൺ നിരക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ബുധനാഴ്ച ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ. രണ്ടുകളിയും ജയിച്ചാൽ എട്ട് പോയിന്റുമായി ഇന്ത്യ സെമി ഉറപ്പിക്കും. അഡ്‌ലെയ്ഡിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളിലേക്കും റൺനിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്.

ഇന്ത്യയെപ്പോലെ തന്നെ സെമിയിലെത്താന്‍ ബംഗ്ലാദേശിനും ജയം അനിവാര്യമാണ്. ഇതിനോടകം തന്നെ പല അട്ടിമറികളും നടത്തിയിട്ടുള്ള ടീമാണ് ബംഗ്ലാദേശ്. 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രം ബംഗ്ലാദേശിനുണ്ട്. 

Eng­lish Sum­ma­ry: Tigers come down to catch tigers
You may also like this video

Exit mobile version