Site iconSite icon Janayugom Online

ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നു? വ്യക്തത വരുത്തി കേന്ദ്രം

ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്രം. ടിക് ടോക്, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ എയർഎക്സ്പ്രസ്, ഇ‑കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷെയ്ൻ എന്നിവ തിരിച്ചുവരുന്നുവെന്ന വാർത്തകളാണ് കേന്ദ്ര സർക്കാർ നിഷേധിച്ചത്. ടിക് ടോകിന്റെ നിരോധനം റദ്ദാക്കുന്ന ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്’, കേന്ദ്രം പറയുന്നു.

ചിലർക്ക് ടിക് ടോക് ലഭിച്ചുതുടങ്ങിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരമുണ്ടായിരുന്നു. എന്നാൽ അതും തെറ്റാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ടിക് ടോക് ആക്സസ് ചെയ്യാൻ സാധിച്ചവർക്ക് ലോഗിൻ ചെയ്യാനോ വീഡിയോകൾ കാണാനോ, അപ്ലോഡ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇന്റർനെറ്റ് സർവീസ് ദാതാക്കൾ ടിക് ടോക് ബ്ലോക്ക് ചെയ്തിട്ട് തന്നെയാണുള്ളതെന്നും എന്നാൽ ചിലർക്ക് ആക്സസ് ചെയ്യാൻ സാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും ടെലികോം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന വാർത്ത വ്യാപിച്ചത്. ചില ഉപയോക്താക്കൾക്ക് വെബ്സൈറ്റ് ലഭ്യമായിത്തുടങ്ങിയെന്ന റിപ്പോർട്ടായിരുന്നു പുറത്ത് വന്നത്.

അഞ്ച് വർഷം മുമ്പാണ് ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചത്. 2020ൽ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ടിക് ടോക് നിരോധിച്ചത്. ടിക് ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകളാണ് അന്ന് സർക്കാർ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69എ പ്രകാരമായിരുന്നു നിരോധനം.

Exit mobile version