തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
“ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമേറിയ കാര്യമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്, കുറ്റവാളിയെ ശിക്ഷിക്കണം,” ആഗോള ഭക്ഷ്യ നിയന്ത്രണ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് കേന്ദ്രമന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം പോലും വെറുതെ വിട്ടില്ലെന്നും ലഡ്ഡു നിർമ്മാണത്തിന് ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചുവെന്നും ബുധനാഴ്ച എൻഡിഎ നിയമസഭാ കക്ഷി യോഗത്തിൽ നായിഡു അവകാശപ്പെട്ടിരുന്നു.