ജനയുഗം ദിനപത്രത്തിന്റെ വൈക്കത്തെ ആദ്യകാല ഏജന്റും ലേഖകനുമായിരുന്ന വൈക്കപ്രയാര്‍ തോട്ടാറമുറ്റത്ത് ടി കെ രമേശ് ബാബു (64) അന്തരിച്ചു. തലയോലപ്പറമ്പ്, ഉദയനാപുരം മേഖലകളിലെ ഏജന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ജനയുഗം പത്രം ഷെയര്‍ സമാഹരിക്കുന്ന വേളയില്‍ മുമ്പില്‍ നിന്നു പ്രവര്‍ത്തിക്കുകയും സ്വന്തമായി ഷെയര്‍ എടുക്കുകയും ചെയ്തിരുന്ന രമേശ് ബാബു ഉല്ലല കയര്‍ സൊസൈറ്റിയില്‍ അറ്റന്‍ഡര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് ജനയുഗം പത്രത്തിന്റെ ആദ്യകാല ഏജന്‍സി എടുത്തുകൊണ്ട് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. കയര്‍, മണ്‍പാത്ര തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് നിരവധിയായ ലേഖനങ്ങളും ഫീച്ചറുകളും തയ്യാറാക്കി ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജഗദമ്മ. മക്കള്‍: ജോബി, ജിനി. മരുമക്കള്‍: സരീഷ് കുമാര്‍ ടി ആര്, ഉണ്ണി.