ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ പോരടിച്ച് ടിഎംസിയും ബിജെപിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ടിഎംസി നേതാവ് ഹുമയൂണ്‍ കബീര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി സിനിമാതാരവും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെത്തിയതോടെ ഇരുപാര്‍ട്ടികള്‍ക്കിടയിലുള്ള പ്രകോപനപരമായ വെല്ലുവിളികള്‍ ശക്തമായിരിക്കുകയാണ്. ഹിന്ദുക്കളെ ഭഗീരഥിയില്‍ മുക്കിക്കൊല്ലണമെന്നായിരുന്നു കബീറിന്റെപ്രസ്താവന. അങ്ങനെവന്നാല്‍ ടിഎംസി നേതാക്കളെ കൊത്തിയരിഞ്ഞ് കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്‍ ചക്രബര്‍ത്തി ഇന്നലെ നടത്തിയ പ്രതികരണം.
എഴുപത് ശതമാനം മുസ്‌ലിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണുള്ളത്. ഇതില്‍ ഹിന്ദുക്കളെ വെട്ടി ഭഗീരഥിയില്‍ തള്ളണമെന്നായിരുന്നു ഒരു നേതാവ് പറഞ്ഞത്, എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പോലും പരാമര്‍ശത്തില്‍ പ്രതികരിച്ചില്ലെന്നായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ പരാമര്‍ശം. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു അവരെ വെട്ടിയരിഞ്ഞ് കുഴിച്ചുമൂടുകയാണ് വേണ്ടതെന്നും മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശം. ഈ മാസം എട്ടിന് സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് മിഥുന്‍ ചക്രബര്‍ത്തിക്ക് ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിയിരുന്നു.