ഇന്ധനവിലയും പ്രകൃതിക്ഷോഭങ്ങളും കാരണം കേരളത്തിൽ പച്ചക്കറി വിപണിയിലുണ്ടായ വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടലുമായി സംസ്ഥാന കൃഷിവകുപ്പ്. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും അന്യ സംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കാൻ ഹോർട്ടികോർപ്പിനും വിഎഫ്‌പിസികെക്കും കൃഷി മന്ത്രി പി പ്രസാദ് നിർദ്ദേശം നൽകി.
വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗര വഴിയോര ചന്തകൾ സജീവമാക്കും. പച്ചക്കറി ക്ലസ്റ്ററുകളിൽ ഉല്പാദിപ്പിച്ച പച്ചക്കറി നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമെന്നും കൃഷി മന്ത്രി പറഞ്ഞു. ഇന്ധന വിലവർധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴ പച്ചക്കറിയടക്കമുള്ള കൃഷികൾക്കുണ്ടാക്കിയ നാശം വ്യാപകമാണ്.
സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി ഉല്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇടപെടൽ ശക്തമാക്കാനാണ് തീരുമാനമെന്നും കൃഷി മന്ത്രി പറഞ്ഞു.
English summary;To prevent vegetable inflation Department of Agriculture with intensive intervention
You may also like this video;