Site iconSite icon Janayugom Online

കശ്മീര്‍ ബൂത്തിലേക്ക്; 10 വര്‍ഷത്തിന് ശേഷം ഇന്ന്

നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. 90 അംഗ നിയമസഭയിലേക്ക് പീര്‍പാഞ്ചാല്‍ മേഖലയിലെ ഏഴ് ജില്ലകളിലാണ് ആദ്യഘട്ടമായ ഇന്ന് വോട്ടെടുപ്പ് നടക്കുക. 90 സ്വതന്ത്രരുള്‍പ്പെടെ 219 സ്ഥാനാര്‍ത്ഥികളാണ് 24 നിയമസഭ സീറ്റില്‍ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്തും. ജമ്മു മേഖലയില്‍ എട്ടും 16 മണ്ഡലങ്ങള്‍ കശ്മീര്‍ താഴ്‌വരയിലുമാണ്. പാംപോര്‍, ത്രാല്‍, പുല്‍വാമ, രാജ് പോറ, ഷോപിയാന്‍, ഡിഎച്ച് പോറ, കുല്‍ഗാം, ദേവ്സര്‍, അനന്ത്നാഗ് വെസ്റ്റ്, അനന്തനാഗ്, പഗല്‍ഗാം, കിഷ്ത്വര്‍, ദോഡ, ദോഡ വെസ്റ്റ്, റംബാ, ബനിഹാള്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കുശേഷം നടക്കുന്ന സുപ്രധാന തെരഞ്ഞടുപ്പിന്റെ ആദ്യഘട്ടത്തല്‍ 23,27,580 വോട്ടര്‍മാരാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു . 11,76,462 പുരുഷന്മാരും 11,51,058 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തുക. 1.23 ലക്ഷം യുവ വോട്ടര്‍മാരും, 28,309 ഭിന്നശേഷി പൗരന്‍മാരും ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരുമെന്ന് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് 14,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 3,276 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. തീവ്രവാദ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനമാകെ സുരക്ഷാ ക്രമീകരണം സജ്ജമാക്കിയതായി കശ്മീര്‍ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വി കെ ബിര്‍ദി പറഞ്ഞു. കേന്ദ്ര സായുധ സേന, ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ് തുടങ്ങിയവയുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ നടക്കുമെന്ന് ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് കൃത്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഐജിപി പറഞ്ഞു. 

സ്വയംഭരണാധികാരമോ പ്രത്യേക അവകാശങ്ങളോ ഇല്ലാത്ത ഒരു സർക്കാർ ജമ്മു കശ്മീരിൽ അധികാരത്തിലെത്താൻ പോകുന്നു എന്നത് കൊണ്ടുതന്നെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. സംസ്ഥാന രൂപീകരണ സമയത്ത് ആരായിരിക്കും ഭരണനേതൃത്വം വഹിക്കുകയെന്നതും തെരഞ്ഞെടുപ്പിനെ പ്രാധാന്യമുള്ളതാക്കുന്നു. സ്വാതന്ത്രസ്ഥാനാർത്ഥികൾ, നിരവധി ചെറുപാർട്ടികൾ, ജമാഅത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പിലേക്കുള്ള തിരിച്ചുവരവ്, എന്‍ജിനീയർ റാഷിദിന് ജാമ്യം ലഭിച്ചത്, റാഷിദിന്റെ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള സഖ്യം തുടങ്ങിയ നിരവധി സംഭവങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പായി കശ്മീരിൽ നടന്നിട്ടുണ്ട്.

കശ്മീരിൽ പ്രധാന പോരാട്ടം നടക്കുന്നത് പ്രാദേശിക പാർട്ടികളായ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലാണ്. ജമ്മുവിൽ ദേശീയ പാർട്ടികളായ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. സിപിഐ(എം) സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമദ് മീര്‍, നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി സകിന ഇട്ടു, പീപ്പിള്‍സ് ഡെമോക്രറ്റിക് പാര്‍ട്ടിയുടെ സര്‍തജ് മദനി, അബ്ദുള്‍ റഹ്മാന്‍ വീരി, ഇല്‍ട്ടിജ മുഫ്തി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് , പീപ്പിള്‍സ് ഡെമോക്രറ്റിക് പാര്‍ട്ടി, അപ്നിദള്‍, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ ആദ്യഘട്ട പോരാട്ടത്തിലുണ്ട്. 

Exit mobile version