Site icon Janayugom Online

ആശ്വാസമായി ഗള്‍ഫ് കോവിഡ് വിമുക്തിയിലേക്ക്

ലക്ഷക്കണക്കിനു മലയാളി പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡ് രോഗവിമുക്തിയിലേക്ക്. പ്രതിദിനം നാനൂറോളം കോവിഡ് മരണങ്ങള്‍ സംഭവിച്ച ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ ദിവസങ്ങളോളം ഇത്തരം മരണങ്ങളുണ്ടാകുന്നില്ല. മരണമുണ്ടായാല്‍ത്തന്നെ പരമാവധി ഒന്നോ രണ്ടോ മാത്രം.

മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, ക്വാറന്റെെന്‍, പിസിആര്‍ എന്നീ നിബന്ധനകള്‍ മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളും പിന്‍വലിച്ചു. പള്ളികളിലെ സാമൂഹ്യ അകലവും വേണ്ടെന്നുവച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്കും നീക്കി. മക്ക, മദീന, പ്രവാചകന്റെ അന്ത്യവിശ്രമസ്ഥലം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കും ഇനിമേല്‍ നിയന്ത്രണമുണ്ടാകില്ലെന്ന് സൗദി അറേബ്യന്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്വാറന്റെെന് വിമാനകമ്പനികള്‍ ഈടാക്കിയ തുക തിരികെ നല്കാനും ഉത്തരവായി. ഏറ്റവുമധികം മലയാളികള്‍ പണിയെടുക്കുന്ന ഗള്‍ഫ് രാജ്യമായ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവരുടെ പിസിആര്‍ ഒഴിവാക്കിയത് രാജ്യത്തെ കോവിഡ് രോഗവിമുക്തിമൂലമായിരുന്നു. യുഎഇയില്‍ ഇനി മാളുകള്‍, ഹോട്ടലുകള്‍, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകും. തുറസായ സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും സഞ്ചരിക്കാം.

പൂര്‍ണ രോഗവിമുക്തിയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഖത്തറിനാണ്. അവിടെ 99 ശതമാനം കോവിഡ് വിമുക്തമായി. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് മരണങ്ങള്‍ അത്യപൂര്‍വം. ചികിത്സയിലുള്ളവരുടെ സംഖ്യയും നേര്‍ത്തു നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സൗദി അറേബ്യയില്‍ 98.4, യുഎഇയില്‍ 97.9 എന്നിങ്ങനെയാണ് രോഗവിമുക്തി നിരക്ക്. സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം മുന്നൂറില്‍ താഴെ രോഗമുക്തര്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരെ അപേക്ഷിച്ച് പല മടങ്ങാകുന്നതാണ് ഗള്‍ഫ് മേഖലയില്‍ കോവിഡ് വിമുക്ത ഗള്‍ഫിന്റെ ലക്ഷണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒമാനില്‍ ഇനി പതിനായിരത്തിനു താഴെ മാത്രമെ ചികിത്സയിലുള്ളു. പ്രതിദിനം ആയിരത്തോളം പേര്‍ ഇവിടെ രോഗവിമുക്തരാവുമ്പോള്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ സംഖ്യ ഇരുന്നൂറിനു താഴെയാണെന്നതും ഒമാന്‍ കോവിഡിനോട് പൂര്‍ണമായും സലാം പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന സൂചനയായി. കുവെെറ്റ്, ബഹ്റെെന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ രോഗവിമുക്തി നിരക്കും 95 ശതമാനത്തിനു താഴെയാണ്. അതീവ ആശങ്ക പരത്തിയ ഒമിക്രോണ്‍ വ്യാപനം ഗള്‍ഫ് മേഖലയില്‍ അതീവ ദുര്‍ബലമായതും രോഗനിവാരണ പദ്ധതികള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതും ഈ മേഖലയില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ സഹായിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ലോകത്താകെ കോവിഡിന്റെ ആക്രമണം ശക്തമാകുന്നതിനിടെ ഹോങ്‌കോങ്ങില്‍ ആഞ്ഞുവീശുന്ന അഞ്ചാം തരംഗം അസ്വസ്ഥജനകമാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. ഇവിടെ കോവിഡ് ബാധിതരില്‍ 90 ശതമാനവും മരണമടയുന്ന അസാധാരണ പ്രതിഭാസം. ഡിസംബര്‍ 31 മുതല്‍ ആരംഭിച്ച അഞ്ചാം തരംഗത്തില്‍ ഇതിനിടെ നൂറുകണക്കിനാളുകള്‍ മരണമടഞ്ഞു. ചില കുടുംബങ്ങള്‍ തന്നെ തുടച്ചുനീക്കപ്പെട്ടു. കോവിഡ് ഭീതിയില്‍ യുദ്ധമേഖലയില്‍ നിന്നെന്നപോലെ ജനങ്ങള്‍ അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്നലെവരെ ഹോങ്‌കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് പലായനം നടത്തിയതെന്ന് ഭരണകൂടം അറിയിച്ചു.

 

Eng­lish Sum­ma­ry:  To the lib­er­a­tion of the Gulf covid in relief

You may like this video also

Exit mobile version