Site icon Janayugom Online

ഇടുക്കിക്ക് ഇന്ന് 50-ാം പിറന്നാൾ

ഇടുക്കി ജില്ലയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ. രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇടുക്കി ജില്ലയുടെ 50-ാം പിറന്നാൾ ആഘോഷം.
ചെന്തമിഴ് സംസ്ക്കാരം പേറുന്ന അഞ്ചുനാടും കുടിയേറ്റ കർഷകരുടെ പാരമ്പര്യവും ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെ നീണ്ട നിരയും തെക്കിന്റെ കാശ്മീരായ മൂന്നാറും ജൈവവൈവിധ്യ മേഖലകളായ തേക്കടി, മറയൂർ, രാജമലയും ദുരന്തമുഖമായി നിൽക്കുന്ന മുല്ലപ്പെരിയാറിന്റെ സാന്നിധ്യവുമെല്ലാം വൈവിധ്യങ്ങളുടെ നാടായ ഇടുക്കിയുടെ പ്രത്യേകതകളാണ്. 

1972 ജനുവരി 24 ന് പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനമനുസരിച്ച് 1972 ജനുവരി 26 ന് ആണ് ഇടുക്കി ജില്ല നിലവിൽ വരുന്നത്. മലയിടുക്ക് എന്നർത്ഥമുള്ള ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ജില്ലയ്ക്ക് ഇടുക്കി എന്ന പേര് ലഭിച്ചത്. രൂപീകൃത കാലഘട്ടത്തിലെ ‘ഇടിക്കി’ എന്ന് തിരുത്തി ‘ഇടുക്കി ‘എന്നാക്കി മാറ്റി റവന്യു വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനുവരി 11നാണ്. മുൻപ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പൻചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ദേവികുളം താലൂക്കും ചേർന്നാണ് ഇടുക്കി ജില്ല രൂപം കൊണ്ടത്. 4358 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. ഇടുക്കി, ദേവികുളം എന്നീ രണ്ട് റവന്യു ഡിവിഷനുകളും ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ പീരുമേട് എന്നീ അഞ്ച് താലൂക്കുകളും 67 വില്ലേജുകളും ഇപ്പോൾ ജില്ലയിൽ ഭരണ നിർവ്വഹണത്തിലുണ്ട്.
കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ചരിത്രമാണ് ഇടുക്കിയിലേത്. 1930ൽ കേരളത്തിലാകെ അലയടിച്ച ആഗോള ഭക്ഷ്യക്ഷാമമാണ് ഇടുക്കിയിലേക്കുള്ള കർഷക കുടിയേറ്റത്തിന് കാരണമായത്. പട്ടിണി മാർച്ചും കുടിയിറക്കുമായി ബന്ധപ്പെട്ട എകെജിയുടെ അമരാവതി സമരവുമെല്ലാം കുടിയേറ്റ ജനതയുടെ അവകാശപോരാട്ടങ്ങളുടെ ഓർമകളാണ്. 

ആദ്യകാലത്ത് തന്നാണ്ട് ഭക്ഷ്യ വിളകളാണ് ജില്ലയിൽ കൂടുതലായി കൃഷി ചെയ്തിരുന്നത്. ഇന്ന് കുരുമുളക്, ഏലം, തേയില, കാപ്പി, ജാതി, തെങ്ങ്, റബർ, തുടങ്ങിയ സുഗന്ധ, നാണ്യവിളകളുൾപ്പെടെയുള്ള സമ്മിശ കൃഷിയാൽ സമൃദ്ധമാണ് ഇടുക്കി. സംസ്ഥാനത്ത് വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ലയെന്ന ഖ്യാതിയും ഭൗമ സൂചികാ പദവി ലഭിച്ച മറയൂർ ശർക്കരയും ഇടുക്കിക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതകളാണ്. 2018 ലും 2019 ലും ഉണ്ടായ അപ്രതീക്ഷിത പ്രളയവും വിനാശങ്ങളുടെ പേരിലും ഇടുക്കിയെന്ന ജില്ലയെ ആളുകൾ ഓർത്തെടുക്കുന്നു. ഡെമോക്ലസിന്റെ വാൾ പോലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭീഷണിയായ മുല്ലപ്പെരിയാറിലൂടെയും ഇടുക്കി ഇന്നും വാർത്തകളിൽ ഇടം നേടുന്നുണ്ട്. 1972ൽ ആദ്യ കളക്ടറായ ഡോ. ഡി ബാബുപോൾ മുതൽ 40തോളം കളക്ടർമാർ ജില്ലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യ വനിത കളക്ടര്‍ കൂടിയായ ഷീബ ജോർജാണ് നിലവിൽ ജില്ലയിലെ 40-ാമത്തെ കളക്ടറായി സേവനം തുടരുന്നത്. 

ENGLISH SUMMARY:Today is Idukki’s 50th birthday
You may also like this video

Exit mobile version