Site icon Janayugom Online

പോരാട്ട പ്രതിജ്ഞ പുതുക്കി മേനാശ്ശേരി; മാരാരിക്കുളം ദിനം ഇന്ന്

വാക്കുകളാൽ നിർവചിക്കാനാവാത്ത പോരാട്ടവീര്യവുമായി രക്തസാക്ഷിത്വത്തിലേക്ക് നടന്നുകയറിയ പന്ത്രണ്ടുകാരൻ അനഘാശയൻ ഉൾപ്പെടെയുള്ള ധീരന്മാരുടെ സ്മരണയിൽ മേനാശ്ശേരി ഗ്രാമം ഒരിക്കൽകൂടി ചുവപ്പണിഞ്ഞു. തൊഴിലാളി വർഗ പോരാട്ടത്തിന്റെ സുവർണ ലിപികളാൽ ആലേഖനം ചെയ്ത ധീരരക്തസാക്ഷികളുടെ സ്മരണയിൽ പുതുതലമുറ പ്രോജ്ജ്വല സ്മരണ പുതുക്കി. വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന മേനാശ്ശേരി രക്തസാക്ഷികൾക്ക് മരണമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടേയും സമരസേനാനി കുടുംബാംഗങ്ങളുടെ സാന്നിധ്യം ചടങ്ങിന് ആവേശം പകർന്നു. 

പൊന്നാംവെളിയിൽ നടന്ന പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ടി എം ഷെരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ഡി ബിജു സ്വാഗതം പറഞ്ഞു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. 

ഐതിഹാസികമായ മാരാരിക്കുളം സമരത്തിന്റെ 75-ാം വാർഷിക വാരാചരണം ഇന്ന് സമാപിക്കും. വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് പ്രകടനമായി എത്തി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.

ENGLISH SUMMARY: Today is Marariku­lam Day
You may also like this video

Exit mobile version