ജീവന്റെ അവകാശമാണ് കുടിവെള്ളം. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും അടിസ്ഥാന ആവശ്യമായ ജലം ഇന്ന് ഏറ്റവും കൂടുതൽ കമ്പോള സാധ്യതയുള്ള ഉല്പന്നമായി പരിഗണിക്കപ്പെടുന്നു.
ലോകത്തിൽ നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക പ്രാചീന സംസ്കാരങ്ങളും നദീതട സംസ്കാരങ്ങളായാണ് രൂപപ്പെട്ടത്. കുടിവെള്ളത്തിനായി ഉപയോഗിക്കാനുള്ള ഉപരിതല ജലശേഖരത്തിലെ കുറവ് ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണത്തിലേക്ക് നയിക്കുന്നു.
ഭൗമോപരിതലത്തിന്റെ മുക്കാൽഭാഗവും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണെങ്കിലും കുടിവെള്ളമായി ഉപയോഗിക്കാൻ പറ്റുന്നത് നാല് ശതമാനം ജലം മാത്രമാണ്. ഇവിടെയാണ് കച്ചവടക്കണ്ണ് പതിയുന്നത്. കുടിവെള്ള സ്രോതസുകൾ അടിയന്തര പ്രാധാന്യത്തോടെ സംരക്ഷിക്കണമെന്ന് പറയുകയും അതിന്റെ ഉടമസ്ഥാവകാശവും വിതരണാവകാശവും ജല കുത്തകകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയുമാണ്. ജനസംഖ്യാവർധനവും അമിത ജല ഉപയോഗവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ശുദ്ധജല ദൗർലഭ്യത്തിലേക്ക് നയിക്കുന്നു.
ഇതുകൂടി വായിക്കൂ: ജല അറിവും പ്രതിസന്ധിയും
ലോക ജല സമ്മേളനങ്ങളിൽ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുടെയും ശുദ്ധജല ലഭ്യതയില്ലാതെ ജലജന്യരോഗങ്ങൾ മൂലം മരിക്കുന്ന കുഞ്ഞുങ്ങളുടെയും കാര്യങ്ങളിൽ മുതലക്കണ്ണീർ പൊഴിക്കുകയും ഇതിനെല്ലാം പരിഹാരം ജലത്തിന്റെ വിതരണം ക്രമവല്ക്കരിക്കുകയാണെന്നും പൊതു ടാപ്പുകളിലൂടെ ജല ദുരുപയോഗം കൂടുന്നതായും കണ്ടെത്തുന്നു. ലോകബാങ്കിന്റെയും എഡിബിയുടെയും പ്രധാന നിർദേശം പൊതു ടാപ്പുകൾ നിർത്തലാക്കണമെന്നാണ്.
ഒന്നരലക്ഷം കോടി രൂപ മുടക്കി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജൽജീവൻ മിഷന്റെയും യഥാർത്ഥ ലക്ഷ്യം പൊതു ടാപ്പുകൾ ഇല്ലാതാക്കുക എന്നതാണ്. വീടുകളിൽ കുടിവെള്ളം എന്ന മനോഹരമായ മുദ്രാവാക്യത്തിന്റെ യഥാർത്ഥ ലക്ഷ്യം ജലത്തിന് വിലയുണ്ട് എന്ന് ബോധ്യപ്പെടുത്തുക എന്നതും കുടിവെള്ളത്തിന് വിലകൊടുക്കണമെന്ന തീരുമാനവുമാണ്.
ജനങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള ചുമതല സർക്കാർ കൈയൊഴിയുന്നു എന്നതാണ് യഥാർത്ഥ്യം. പകരം, പൊതു സ്വകാര്യ പങ്കാളിത്തം (പബ്ലിക്ക്, പ്രൈവറ്റ് പാർട്ട്ണർഷിപ്പ് — പിപിപി) ആണ് ലക്ഷ്യം. അതാണ് ദേശീയ ജലനയത്തിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ദേശീയ ജലനയത്തിലെ ജനവിരുദ്ധ നടപടികൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭമാണ് ഉയരുന്നത്. ഇന്ത്യയുടെ തലസ്ഥാന നഗരിയിലടക്കം ഉണ്ടായ ജനകീയ മുന്നേറ്റത്തെ തുടർന്നാണ് അരവിന്ദ് കെജ്‌രിവാൾ അധികാരത്തിലെത്തിയത്. ജലം ജീവന്റെ ജന്മാവകാശമാണെന്ന ബോധ്യത്തിലാകണം ദേശീയ ജലനയം.
ഇതുകൂടി വായിക്കൂ: ഇന്ന് ലോക ജലദിനം; പുഴ പുനരുജ്ജീവനത്തിന്റെ ഇതിഹാസം രചിച്ച് കോട്ടയം
ജലം കച്ചവടച്ചരക്കാക്കിയ വൻകിട മുതലാളിത്ത രാജ്യങ്ങൾ ജലവിതരണം പൊതുമേഖലയിൽ നിലനിർത്താനുള്ള നീക്കങ്ങളിലാണ്. ഈ യാഥാർത്ഥ്യം മനസിലാക്കി ജലവിതരണം പൊതുമേഖലയിൽ കാര്യക്ഷമമാക്കി നിലനിർത്തുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.