Site iconSite icon Janayugom Online

ഇന്ന് ലോക പ്രമേഹ ദിനം; വിട്ടുവീഴ്ച അരുത്: പ്രമേഹം തുടക്കത്തില്‍ കണ്ടെത്താം

കേരളം ഇന്ന് പ്രമേഹരോഗങ്ങളുടെയും, ജീവിതശൈലീ രോഗങ്ങളുടെയും തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ചിൽ മൂന്ന് പേര്‍ക്കെങ്കിലും പ്രമേഹമോ രക്തസമ്മർദമോ ഉണ്ട്. പ്രമേഹം വരുത്തുന്ന അപകടസാധ്യത അറിയുക എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹദിന സന്ദേശം.
പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും പരിപ്പുവർഗങ്ങളുടെയും ഉപയോഗക്കുറവ്. കടൽമത്സ്യങ്ങളുടെ ഉപയോഗക്കുറവ്. ചോറ്, ബിരിയാണി മുതലായ അമിത അളവിൽ അന്നജം, കാലറി അടങ്ങിയ ഭക്ഷണരീതി. എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ഭക്ഷണ വസ്തുക്കളുടെ അമിതോപയോഗം. കൊഴുപ്പടങ്ങിയ അഥവാ ചുവന്ന മാംസാഹാരം.
പഞ്ചസാര, ഉപ്പ്, മൈദ, റവ, നെയ്യ് എന്നിവയുടെ അമിതമായ അളവ്. ജോലിത്തിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കൽ. ചൂടാക്കിയ എണ്ണ ഭക്ഷണം വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്, ബേക്കറി പലഹാരങ്ങളുടെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവ പ്രമേഹത്തിന് കാരണമാകുന്നു.
അമിതാഹാരം പൊണ്ണത്തടിയുണ്ടാക്കുന്നു. ഇവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്ത്രീയെയും പുരുഷനെയും ഏതാണ്ട് ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യസ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ അഞ്ച് ശതമാനം വരെ ആളുകൾക്ക് പ്രമേഹരോഗബാധയുണ്ടാകാം എന്ന് കണക്കാക്കിയിരിക്കുന്നു. അതായത് കേരളത്തിൽ ആറ് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്ക്ക് പ്രമേഹരോഗികളുണ്ടെന്ന് അർത്ഥം. 

പ്രമേഹം എന്താണ്

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുകയാണ് പ്രമേഹരോഗത്തിന്റെ പ്രധാനമായ ലക്ഷണം. ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിലധികമാകുമ്പോൾ അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന് നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്. രോഗം മൂർച്ഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്, അകാരണമായ ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്.
പലപ്പോഴും രോഗം കണ്ടുപിടിക്കുന്നത് തികച്ചും യാദൃച്ഛികമായിട്ടാണ്. മറ്റേതെങ്കിലും അസുഖത്തിനായി രക്തത്തിലെ ഗ്ലൂക്കോസ് നിർണയിക്കുമ്പോഴാണ് രോഗം കണ്ടുപിടിക്കുക. കയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന് കാഴ്ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും രോഗം സംശയിക്കാൻ ഇടനൽകുന്നു.
മുഖ്യമായും രണ്ടുതരം
ഒന്ന്- ഫലപ്രദമായ രോഗനിയന്ത്രണത്തിന് ഇൻസുലിൻ തുടർച്ചയായി ആവശ്യമായ പ്രമേഹം. രണ്ട്- ഇൻസുലിന്റെ സഹായമില്ലാതെ തന്നെ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാൻ സാധ്യമായത്. ഇവയിൽ ഒന്നാമത്തെ ഗണത്തിൽപ്പെടുന്ന രോഗം താരതമ്യേന ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. ശരീരം വല്ലാതെ മെലിയുക ഒരു പ്രധാന ലക്ഷണമാണ്. രോഗനിർണയം ചെയ്താൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നു. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന രോഗം പൊതുവേ 40 വയസ് കഴിഞ്ഞവരിലാണ് പ്രത്യക്ഷപ്പെടുക. തടിച്ച ശരീരപ്രകൃതിയുള്ളവർക്ക് ഇത്തരം പ്രമേഹം പിടിപെടാനുള്ള സാധ്യത ഏറെയാണ്. പക്ഷേ നമ്മുടെ നാട്ടിൽ പ്രായം കുറഞ്ഞവരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും ഈ പ്രമേഹം കണ്ടുവരാറുണ്ട്. 

രോഗം എങ്ങനെയുണ്ടാകുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയാണ് പ്രമേഹത്തിന്റെ കാതലായ ലക്ഷണം എന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോടിക്കണക്കിന് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ആവശ്യമുള്ള അളവിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. ഈ കോശങ്ങളുടെ പ്രവർത്തനക്ഷമത നശിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ് കുറയുകയും ഗ്ലൂക്കോസ് വർധിക്കുകയും ചെയ്യും. ഗ്ലൂക്കോസ് രക്തത്തിൽ അധികരിക്കുമ്പോൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ചില വ്യക്തികളുടെ രക്തത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തെ ചെറുക്കുന്ന ഘടകങ്ങൾ അധികരിച്ചും പ്രമേഹം പ്രത്യക്ഷപ്പെടാം. ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലൂടെ ഇത്തരം പ്രമേഹം നിയന്ത്രിക്കാം.
രോഗനിർണയം
മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്. സംശയാതീതമായ രോഗനിർണയത്തിന് സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്. കാലത്ത് വെറും വയറ്റിൽ സിരാരക്തമെടുത്ത് ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ് ഒരു പാനീയമായി നൽകി കൃത്യം രണ്ട് മണിക്കൂറിനുശേഷം സിരാരക്തമെടുത്ത് ഗ്ലൂക്കോസിന്റെ അളവ് വീണ്ടും നിർണയിക്കുന്നു. ഇത് സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച് രണ്ട് മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്. 

ചികിത്സ

ഫലപ്രദമായ രോഗചികിത്സയ്ക്ക് പൊതുവായി അംഗീകരിച്ച ചില തത്വങ്ങളുണ്ട്. ആഹാരനിയന്ത്രണം, വ്യായാമം, ശരീര ഭാരനിയന്ത്രണം എന്നിവയാണിവ. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും രോഗത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തതിനുശേഷം ചികിത്സ നിശ്ചയിക്കുന്നു. ഇൻസുലിൻ ആവശ്യമുള്ള രോഗികൾക്ക് തക്കതായ അളവിൽ അനുയോജ്യമായ തരത്തിലുള്ള ഇൻസുലിൻ കുത്തിവയ്പ് നിർദേശിക്കുന്നു. ഗുളികകളാണ് വേണ്ടതെങ്കിൽ ഏറ്റവും പറ്റിയതരം ഗുളികകൾ, ആവശ്യമുള്ള മാത്രയിൽ ശുപാർശ ചെയ്യുന്നു.
ഔഷധചികിത്സ ഏതുതരമായാലും പ്രമേഹനിർണയത്തിന് അവശ്യം വേണ്ട ചില ശീലങ്ങളാണ് വ്യായാമം, ആഹാരനിയന്ത്രണം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവ. പോഷകാഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും പരിപ്പുവര്‍ഗങ്ങളും ശരിയായ അളവിൽ ഉപയോഗിക്കുക. നിത്യേന 450 ഗ്രാം അഥവാ അഞ്ച് കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പരിപ്പുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബേക്കറി പലഹാരങ്ങൾക്ക് പകരം പഴങ്ങളും നട്സും കഴിക്കുക. 

മാതൃകാ ഭക്ഷണം

പ്ലേറ്റിന്റെ പകുതി ഭാഗം പച്ചക്കറികളും പഴങ്ങളും, കാൽ ഭാഗം പ്രോട്ടീൻ (മത്സ്യം, മുട്ട, ഇറച്ചി, പയർ, കടല തുടങ്ങിയവ), മിച്ചമുള്ള കാൽ ഭാഗം മാത്രം അന്നജം അടങ്ങിയ ഭക്ഷണം (ചോറ്, ഗോതമ്പ് തുടങ്ങിയവ) എന്ന ആരോഗ്യകരമായ ഭക്ഷണ രീതി സ്വീകരിക്കാം. കടൽ മത്സ്യങ്ങൾ കറിയാക്കി ഉപയോഗിക്കുക. ഇത് പ്രോട്ടീൻ, ഒമെഗാ 3 ഫാറ്റി ആസിഡ് എന്നിവയുടെ മികച്ച സ്രോതസാണ്. നിത്യേന ഒരു മുട്ട പുഴുങ്ങി ഉപയോഗിക്കാം. നാരുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കഴിവതും ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കുക. അമിത കൊഴുപ്പടങ്ങിയ ചുവന്ന മാംസാഹാരം മിതമാക്കുക. മാംസാഹാര പ്രിയർക്ക് പക്ഷിമാംസം അഥവാ കൊഴുപ്പ് നീക്കിയ വെളുത്ത മാംസം കറിയാക്കി ഉപയോഗിക്കാം. 

പഞ്ചസാര, ഉപ്പ്, എണ്ണ, മൈദ, റവ എന്നിവയുടെ ഉപയോഗം പരിമിതമാക്കുക. ചോറ്, ചപ്പാത്തി, ബിരിയാണി മുതലായ അമിത അളവിൽ അന്നജം, ഊർജം അടങ്ങിയ ഭക്ഷണരീതി പരിമിതപ്പെടുത്തുക. ചോറിന്റെ അളവ് കുറയ്ക്കുക. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക. രാത്രി വൈകിയുള്ള ഭക്ഷണം പരിമിതപ്പെടുത്തുക. 

ശാരീരിക അധ്വാനങ്ങൾ ചെയ്യുക. നിത്യേന 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നടത്തം, സൈക്ലിങ്, നൃത്തം, അയോധന കലകൾ തുടങ്ങിയവ ഉദാഹരണം. തുടർച്ചയായി ഇരിക്കുന്നതും കിടക്കുന്നതും ഒഴിവാക്കുക. ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. അമിത മദ്യപാനം, പുകവലി തുടങ്ങിയ ലഹരികൾ പൂർണമായി ഒഴിവാക്കുക. ശരീരത്തിനും മനസിനും ഉന്മേഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക. സംഗീതം, നൃത്തം, സിനിമ, യാത്രകൾ, വായന, യോഗ, നീന്തൽ, അയോധന കലകൾ തുടങ്ങിയവ പിരിമുറുക്കം കുറയാൻ സഹായിക്കും. നിത്യേന ആറ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാനും വിശ്രമത്തിനും സമയം കണ്ടെത്തുക.
കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുക. ശാസ്ത്രീയമായ ചികിത്സ ഉറപ്പ് വരുത്തുക. 30 വയസ് മുതൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരു പരിധിവരെ ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിതശൈലി രോഗങ്ങളും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും ഉപകാരപ്പെടും. തെറ്റായ ജീവിതശൈലിയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. ഇതു മനസിലാക്കി ജീവിതശൈലിയിൽ മാറ്റംവരുത്തിയാൽ പകുതിയിലധികം പേരിലും രോഗം വരാതെ തടയാനോ രോഗബാധ നീട്ടിക്കൊണ്ടുപോകാനോ സാധിക്കും. 

you may also like this video

Exit mobile version