Site icon Janayugom Online

ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം; മികച്ച ഹോട്ടലുകള്‍ തിരിച്ചറിയാന്‍ ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ്

ലോക ഭക്ഷ്യസുരക്ഷാ ദിനമായ ഇന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിങ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടുതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിങ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ പരാതികള്‍ അറിയിക്കുന്നതിനും കഴിയും. ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ സെമിനാറിന്റെയും ഈറ്റ് കേരള മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം രാവിലെ 10.30 ന് മാസ്‌കറ്റ് ഹോട്ടലില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ‘ഭക്ഷണ നിലവാരം ജീവൻ രക്ഷിക്കുന്നു’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യ സുരക്ഷാദിന സന്ദേശം. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുകളുള്ള ആദ്യസംസ്ഥാനമാണ് കേരളം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 2022–23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടി. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ, ഓപ്പറേഷന്‍ ഓയില്‍ തുടങ്ങിവ ആവിഷ്കരിച്ച് നടപ്പിലാക്കി. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കാന്‍ അനുമതി നല്‍കി. സ്‌പെഷ്യല്‍ ടാസ്ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. പരാതി പരിഹാരത്തിന് ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.

eng­lish summary;Today is World Food Secu­ri­ty Day

you may also like this video;

Exit mobile version