Site icon Janayugom Online

ഇന്ന് ലോക മാനസികാരോഗ്യദിനം; മാനസികാരോഗ്യസേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ ലഭ്യമാക്കുക പ്രധാനം: മന്ത്രി വീണാ ജോര്‍ജ്ജ്

മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം‘എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശം. ഒന്നേമുക്കാല്‍ വര്‍ഷത്തിലധികമായി ലോകമൊന്നാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകൾ എടുക്കുമ്പോഴും മാനസികാരോഗ്യം അവഗണിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. ഇത് മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കാനാണ് കേരളം പരിശ്രമിക്കുന്നത്. ഈ രംഗത്ത് സംസ്ഥാനം ഏറെ മുന്‍പന്തിയിലുമാണ്.

സംസ്ഥാനത്ത് 291 മാനസികാരോഗ്യ ക്ലിനിക്കുകള്‍ മാസം തോറും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി നടത്തി വരുന്നു. ഇതിലൂടെ നാല്‍പ്പതിനായിരത്തിലധികം രോഗികള്‍ക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുന്നതിനായി ആര്‍ദ്രം മിഷന്റെ ഭാഗമായി ‘സമ്പൂര്‍ണ മാനസികാരോഗ്യം’, ‘ആശ്വാസം’, ‘അമ്മ മനസ്’, ‘ജീവരക്ഷ’ എന്നീ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തില്‍ മാനസിക സാമൂഹിക പിന്തുണയ്ക്കായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സാമൂഹ്യ പിന്തുണ സേവനങ്ങള്‍ സര്‍ക്കാര്‍ നല്‍കി വരുന്നു. ഇതുവരെ എല്ലാ വിഭാഗത്തിലുമായി ഒന്നേകാല്‍ കോടിയിലധികം (1,26,26,854) മാനസിക സാമൂഹിക പിന്തുണ/ കൗണ്‍സിലിങ് കോളുകള്‍ ടീം സംസ്ഥാനമൊട്ടാകെ നല്‍കി കഴിഞ്ഞു. ആദിവാസി മേഖലകളിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പരിപാടിയും നടപ്പിലാക്കിയിട്ടുണ്ട്. ലഹരി വസ്തുകളുടെ ഉപയോഗം, കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 

ENGLISH SUMMARY:Today is World Men­tal Health Day
You may also like this video

Exit mobile version