Site icon Janayugom Online

ലോകത്തെ ആദ്യ എക്സറേയില്‍ തെളിഞ്ഞത് വിവാഹ മോതിരവും അസ്ഥികളും

ഇന്ന്‌ നവംബര്‍ 8 ലോക റേഡിയോളജി ദിനം. രോഗനിര്‍ണയത്തിലും ചികിത്സയിലും നിര്‍ണായക പങ്കുവഹിക്കുന്ന റേഡിയോഗ്രാഫിക്‌ ഇമേജിംഗിനെയും തെറാപ്പിയെയും കുറിച്ച്‌ പൊതുജന അവബോധം വളര്‍ത്തുക എന്നതാണ്‌ ഇങ്ങനെയൊരു ദിനം ആചരിക്കുന്നതിന്‌ പിന്നിലെ ലക്ഷ്യം. ജര്‍മന്‍ ശാസ്‌ത്രജ്ഞനായ വില്‍ഹെം കോണ്‍റാഡ്‌ റോണ്ട്‌ജെന്‍ 1895 നവംബര്‍ എട്ടിന്‌ എക്‌സ്‌ ‑റേഡിയേഷന്‍ അഥവാ എക്‌സ്‌-റേ കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്‌ക്കായാണ്‌ ഈ ദിനം ലോക റേഡിയോളജി ദിനമായി ആചരിക്കുന്നത്‌.

വൈദ്യശാസ്‌ത്രത്തിലെ നിര്‍ണായക കണ്ടുപിടിത്തം നടത്തിയ ശാസ്‌ത്രജ്ഞനാണ്‌ വില്‍ഹെം കോണ്‍റാഡ്‌ റോണ്ട്‌ജെന്‍. ഈ നേട്ടത്തിന്‌ 1901 ല്‍ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തിയായി ഇദ്ദേഹം മാറി. 1895 ല്‍ വില്‍ഹെം റോണ്ട്‌ജെന്‍ ഡിസ്‌ചാര്‍ജ്‌ ട്യൂബ്‌ ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങള്‍ക്കിടെ അവിചാരിതമായാണ്‌ എക്‌സ്‌-റേ കണ്ടെത്തിയത്‌. എക്‌സറേ ട്യൂബ്‌ ഉപയോഗിച്ചാണ്‌ എക്‌സ്‌-റേ ഉത്‌പാദിപ്പിക്കുന്നത്‌. ഉല്‌പാദിപ്പിക്കപ്പെടുന്ന കിരണങ്ങളുടെ തീവ്രതയനുസരിച്ച്‌ എക്‌സ്‌-റേ ട്യൂബുകളുടെ ഘടനയില്‍ വ്യത്യാസം വരുത്തുന്നു. എക്‌സ്‌-റേ കണ്ടുപിടിച്ച ഒരാഴ്‌ച കഴിഞ്ഞ്‌ റോണ്ട്‌ ജെന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈയുടെ ഒരു എക്‌സറേ ഫോട്ടോ എടുത്തു. വിവാഹമോതിരം, അസ്ഥികള്‍ എന്നിവ വെളിപ്പെടുത്തുന്ന ചിത്രമായിരുന്നു അത്‌. എക്‌സ്‌-റേ, റോണ്ട്‌ ജെന്‍ റേ എന്നും അറിയപ്പെടാറുണ്ട്‌. 1923 ഫെബ്രുവരി 10 നാണ്‌ വില്‍ ഹെം റോണ്ട്‌ ജെന്‍ അന്തരിച്ചത്‌.

രോഗനിര്‍ണയത്തിനും ചികിത്സയ്‌ക്കുമായി എക്‌സ്‌-റേ റേഡിയോഗ്രാഫി, അള്‍ട്രാസൗണ്ട്‌ സ്‌കാന്‍, സിടി സ്‌കാന്‍, പിഇടി സ്‌കാന്‍ ഫ്‌ളൂറോസ്‌കോപ്പി, എംആര്‍ഐ സ്‌കാന്‍ തുടങ്ങി വിവിധ ഇനം ഇമേജിങ്‌ രീതികള്‍ ഉപയോഗിക്കാറുണ്ട്‌. ഇപ്പോള്‍ എക്‌സ്‌-റേ ഉപയോഗിച്ച്‌ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മുഖാന്തിരം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്‌. അയണൈസിങ്‌ റേഡിയേഷന്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ വളരെ വിവേകപൂര്‍വ്വം ഉപയോഗിക്കേണ്ടതാണ്‌. റേഡിയേഷന്‍ സുരക്ഷയെക്കുറിച്ചും റേഡിയേഷന്‍ സംരക്ഷണത്തെക്കുറിച്ചും കൂടിയുള്ള അവബോധം ഉണ്ടാകേണ്ടത്‌ ആവശ്യമാണ്‌.

ഡോ. അജിത ജെ എസ്,
പ്രൊഫസർ (സിഎപി),
റേഡിയോ ഡയഗ്നോസിസ്,
ഗവ.മെഡിക്കൽ കോളേജ്, ടിവിഎം

Exit mobile version