Site iconSite icon Janayugom Online

മതേതരത്വം തലകുനിച്ച ദിവസത്തിന് ഇന്ന് മുപ്പതാണ്ട്

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട സംഭവത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുന്നു. ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയിടത്ത് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ മതേതരത്വത്തിന് മേല്‍ ഏല്പിച്ച കളങ്കം ചരിത്രത്തിലൊരിക്കലും മായില്ല. 2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് 2022ല്‍ ജൂണില്‍ പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തറക്കല്ലിട്ടു. 2024 ജനുവരിയോടെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ വര്‍ഷം തന്നെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയാണ് ബാബറി മസ്‌ജിദും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും. 1990ല്‍ മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിയാണ് അയോധ്യയില്‍ രാമക്ഷേത്രമെന്ന ആവശ്യവുമായി രഥയാത്ര ആരംഭിച്ചത്. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബറി മസ്ജിദ് തകർത്തു. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അഡ്വാനി, മറ്റ് ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി അടക്കമുള്ള 32 പേരെ പ്രതിചേര്‍ത്തെങ്കിലും 2020ൽ പ്രത്യേക സിബിഐ കോടതി എല്ലാവരെയും വെറുതെവിട്ടു.

464 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ ബിജെപിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും പ്രമുഖ നേതാക്കള്‍ നടത്തിയ വര്‍ഗീയ പ്രസംഗത്തിന് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സാക്ഷികളാണ്. ഇവരില്‍ പലരും പിന്നീട് അന്നത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് കര്‍സേവകര്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി. ഇവരുടെ ഉപകരണങ്ങള്‍ തകര്‍ത്തു. സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസും ജില്ലാ ഭരണകൂടവും നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

ബാബറി മസ്ജിദ് തകർക്കൽ ഇന്ത്യൻ മതേതരത്വത്തിന്റെ അടിത്തറ തന്നെ ഇളക്കിമറിച്ചു. രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ള നീക്കമായിട്ടാണ് പലരും പൊളിക്കലിനെ കണക്കാക്കുന്നത്. നിരവധി സംഭവ വികാസങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും വഴിവച്ച സംഭവത്തില്‍ 2019ല്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചു. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കാമെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. അതേസമയം അയോധ്യയില്‍ തര്‍ക്ക ഭൂമിക്ക് പുറത്തുള്ള അഞ്ചേക്കര്‍ സ്ഥലം മുസ്‌ലിം പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു. 

Eng­lish Summary:Today marks 30 years since sec­u­lar­ism bowed down

You may also like this video

Exit mobile version