അഞ്ചുനാള്‍ നീളുന്ന കൗമാര കലകളുടെ വിരുന്നൂട്ടിന് കൊല്ലം ഒരുങ്ങി. ഇന്ന് രാവിലെ 10ന് മുഖ്യവേദിയായ ആശ്രാമം മൈതാനിയിലെ ഒഎന്‍വി സ്മൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്‌കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. ചലച്ചിത്രതാരം നിഖില വിമല്‍ മുഖ്യാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഭിന്നശേഷി കുട്ടികളുടെ കലാവിരുന്നും ഗോത്രവര്‍ഗകലയായ മംഗലംകളിയും അരങ്ങേറും.
കളക്ടറേറ്റിന് സമീപം ടൗണ്‍ യുപിഎസിലാണ് രജിസ്ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണശാല നഗരമധ്യത്തിലെ ക്രേവന്‍ എല്‍എംഎസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും സജ്ജീകരിച്ചിരിക്കുന്നു. ഒരേസമയം 2200 പേര്‍ക്ക് ഭക്ഷണം കഴിക്കാനാകും. വിവിധ വേദികളിലേക്ക് മത്സരാര്‍ത്ഥികളെ എത്തിക്കുന്നതിനായി കലോത്സവ വണ്ടികളും ഓട്ടോറിക്ഷകളും സൗജന്യസേവനം നടത്തും. കെഎസ്ആര്‍ടിസിയും സേവനമൊരുക്കിയിട്ടുണ്ട്.
വേദികളും പാര്‍ക്കിങ് സൗകര്യവും രേഖപ്പെടുത്തിയിട്ടുള്ള ക്യുആര്‍ കോഡുകളും തയ്യാറാക്കി. മത്സരങ്ങളുടെ പോയിന്റ് നിലയും ഫലവും തത്സമയം അറിയാന്‍ ഡിജിറ്റല്‍ സ്കോര്‍ ബോര്‍ഡിന്റെ സാങ്കേതിക സഹായം നല്‍കുന്നത് ‘കൈറ്റ്’ ആണ്. കുടിവെള്ളം, മെഡിക്കല്‍ ടീമിന്റെ സേവനം, ആംബുലന്‍സ് സൗകര്യം എന്നിവ എല്ലാ വേദികളിലുമുണ്ടാകും. സുരക്ഷാക്രമീകരണങ്ങള്‍ക്കായി 250 വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെ 800 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. പൊലീസ് കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 112, 94979 30804.
എട്ടിന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. നടന്‍ മമ്മൂട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കലോത്സവ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്ത് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ഹെെസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
You may also like this video

