Site iconSite icon Janayugom Online

ആളും ആരവവുമായി ഇന്ന് തൃശൂർ പൂരം

കോവിഡ് വരുത്തിയ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആളും ആരവവുമായി ഇന്ന് തൃശൂർ പൂരം നടക്കും. പൂരവിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ പുറത്തേറി ഇന്നലെ തെക്കേ ഗോപുരനട തുറന്ന് ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കി പൂര വിളംബരം നടത്തി. നെയ്തലക്കാവ് ഭഗവതി തുറന്നിട്ട തെക്കേ ഗോപുരനട വഴിയെത്തുന്ന ആദ്യത്തെ ഘടക പൂരം കണിമംഗലം ശാസ്താവിന്റേതാണ്. ഇതോടെ രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൂരം ആരംഭിക്കുകയായി. നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജനകീയമാക്കിയ പൂരവിളംബരത്തിന്റെ മാറ്റ് കുറയ്ക്കാതെ പിന്മുറക്കാരൻ ശിവകുമാറും ചടങ്ങ് ഗംഭീരമാക്കി. തെക്കേ ഗോപുരനടവഴിയെത്തിയ കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും എത്തി തുടങ്ങും. 11 മണിക്ക് കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ നിന്നും തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും.

അതേ സമയം പാറമേക്കാവിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള മേളം ആരംഭിക്കും. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. മൂന്നിന് ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. മുന്നൂറോളം കലാകാരന്മാർ അണിനിരക്കും. ഘടകപൂരങ്ങൾക്ക് ശേഷം തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുംനാഥനെ വണങ്ങി തെക്കോട്ടിറങ്ങിയാൽ ഏറ്റവും അധികം പേരെ ആകർഷിക്കുന്ന കുടമാറ്റം. കുടമാറ്റം കഴിഞ്ഞ് രാത്രി പൂരങ്ങളുടെ ആവർത്തനവും വെടിക്കെട്ടും. ബുധനാഴ്ച തട്ടകദേശക്കാരുടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം രണ്ട് ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ ആണ്ടിലെ പൂരത്തിന് തിരശ്ശീല വീഴും.

പൂരാസ്വാദകരെ ആവേശത്തിലാഴ്ത്തുന്ന ദൃശ്യ ശ്രാവ്യ വിസ്മയത്തിനായി തൃശൂരിലേക്ക് ജനങ്ങളുടെ പ്രവാഹമാണ്. പൂരത്തോടനുബന്ധിച്ച് നഗരത്തിൽ സുരക്ഷയും ഗതാഗത നിയന്ത്രണവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പൂരം കാണുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സജ്ജമാണ്. സാമ്പിൾ വെടിക്കെട്ടിനും പൂരവിളംബരത്തിനുമെല്ലാം ആയിരക്കണക്കിന് ജനങ്ങളാണ് സംസ്കാരിക നഗരിയിലേക്കെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 2020ൽ പൂരം ചടങ്ങ് പോലുമില്ലാതെ പൂർണമായി ഒഴിവാക്കിയിരുന്നു. ക്ഷേത്രത്തിനകത്ത് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾ മാത്രമാണ് അന്ന് നടന്നത്. കഴിഞ്ഞ വർഷം കർശന നിയന്ത്രണങ്ങളോടെ ചടങ്ങ് മാത്രമായാണ് പൂരം നടത്തിയത്.

Eng­lish sum­ma­ry; Today Thris­sur Pooram

You may also like this video;

Exit mobile version