Site iconSite icon Janayugom Online

ടോള്‍‍ പ്ലാസകള്‍ കേന്ദ്രത്തിന്റെ കൊള്ളസങ്കേതങ്ങള്‍; നാളെ മുതല്‍ വീണ്ടും ടോള്‍ വര്‍ധന

tolltoll

ടോള്‍ പ്ലാസകള്‍ കേന്ദ്രത്തിന്റെ കൊള്ള സങ്കേതങ്ങളാകുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പിഴിഞ്ഞെടുത്ത് 2300 കോടി രൂപ. നാളെ മുതല്‍ ടോള്‍‍ നിരക്ക് പിന്നെയും വര്‍ധിപ്പിക്കുന്നു. ഇതിലൂടെ ഈ വര്‍ഷം മാത്രം 1400 കോടി രൂപയുടെ ടോള്‍‍ കൊള്ള നടത്താനുള്ള ഉത്തരവ് ദേശീയപാതാ അതോറിറ്റി പുറപ്പെടുവിച്ചുകഴിഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ 689.38 കോടി രൂപയാണ് ടോള്‍ പിരിച്ചത്. മറ്റിടങ്ങളില്‍ പ്ലാസകളില്‍ നിന്നും ഈ കാലയളവില്‍ ടോള്‍ കൊള്ള നടത്തിയത് ഇപ്രകാരമാണ്. കുമ്പളം 79.2 കോടി പൊന്നാരിമംഗലം 88.47 കോടി, തിരുവല്ലം 37.28, പന്നിയങ്കര 316.67, കുരീപ്പുഴ 14.75 കോടി എന്നിങ്ങനെയും. അടുത്തകാലത്ത് പ്രവര്‍ത്തനക്ഷമമായ തലശേരി-മാഹി ബെെപാസ് ടോളിലൂടെ‍ ഊറ്റിയത് 13.3 കോടി. പുതിയ ടോള്‍ പ്ലാസകള്‍ പണിത് പിരിവ് ഊര്‍ജിതമാക്കാനും പദ്ധതിയുണ്ട്. ടോള്‍‍ കൊള്ളകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഊടുവഴികളിലൂടെ സഞ്ചരിച്ച് പ്ലാസകള്‍ മറികടന്ന് ദേശീയപാതയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള മേഖലകളിലാണ് പുതിയ പ്ലാസകള്‍ വരുന്നതെന്നും സൂചനയുണ്ട്. ചുരുക്കത്തില്‍ ടോള്‍ കൊള്ള കൊഴുപ്പിക്കാന്‍ ദേശീയപാതകളിലുടനീളം ടോള്‍ പ്ലാസകളാല്‍ സമൃദ്ധമാകും.

നാളെമുതല്‍ ഒരു ഭാഗത്തേക്കുള്ള യാത്രയില്‍ 10 രൂപ മുതല്‍ 40 രൂപയാകും വര്‍ധന. കാര്‍, ജീപ്പ്, മുച്ചക്രവാഹനങ്ങള്‍ ഒരുഭാഗത്തേക്ക് അഞ്ച് രൂപയാണ് വര്‍ധിപ്പിക്കുക. ഒരു ഭാഗത്തേക്കുള്ള നിരക്ക് ഇതോടെ 90 രൂപയാകും. 24 മണിക്കൂറിനുള്ളില്‍ ഒന്നിലധികം തവണയാണ് സഞ്ചരിക്കുന്നതെങ്കില്‍ ഓരോ യാത്രയ്ക്കും 140 രൂപയായിരിക്കും. ഒരുമാസത്തെ നിരക്ക് 2760 രൂപയായും ഉയര്‍ത്തി. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160 രൂപയായിരിക്കും. ഒന്നിലധികം പ്രാവശ്യം സഞ്ചരിച്ചാല്‍ ഓരോ തവണയും 240 രൂപ ഈടാക്കും. മാസനിരക്ക് 4,830 രൂപ. ബസ്, ട്രക്ക് എന്നിവ ഒരു ഭാഗത്തേക്ക് 320 രൂപയായി വര്‍ധിപ്പിച്ചു. ഒന്നില്‍ കൂടുതല്‍ തവണ ഓരോ സര്‍വീസിനും 485 രൂപ വീതം ഈടാക്കും. 

ബഹുചക്ര വന്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 515 രൂപയായിരിക്കും നാളെമുതല്‍ ടോള്‍. ഒന്നിലേറെ തവണയെങ്കില്‍ ഓരോ തവണയും 725 രൂപ നല്കണം. ഒരു മാസത്തേക്ക് ഒന്നിച്ചാണെങ്കില്‍ 15640 രൂപ. ഒറ്റത്തവണ യാത്രയ്ക്ക് പോലും വര്‍ധന 60 രൂപ. പലതവണ യാത്രയെങ്കില്‍ അത് 80 രൂപയോളമാവുമെന്നാണ് കണക്ക്. ചരക്ക് വാഹനങ്ങളുടെ ടോള്‍ നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെയും നിര്‍മ്മാണ സാമഗ്രികളുടെയും വ്യാവസായികോല്പന്നങ്ങളുടെയും വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.

Exit mobile version