മധ്യപ്രദേശിലെ ഖാന്‍ധ്വാവില്‍ പന്തം കൊളുത്തി പ്രകടനത്തിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ക്ക് പെള്ളലേറ്റു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ ക്ലോ ടവറില്‍ പ്രകടനം അവസാനിക്കാറായപ്പോഴാണ് സംഭവമെന്ന് ഖാന്‍ഡ്വാ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ റായി പറഞ്ഞു.
പന്തങ്ങള്‍ തലതിരിച്ച് വെള്ളം നിറഞ്ഞ വലിയ കണ്ടയ്‌നെറില്‍ മുക്കി അണയ്ക്കുന്നതിനിടയില്‍ തീയാളി പടരുകയായിരുന്നു. ഇതിനിടയില്‍പ്പെട്ടാണ് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ 18 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. ബാക്കിയുള്ള 12 പേര്‍ അപകടനില തരണം ചെയ്തു. 2009 നവംബര്‍ 28ന് നിരോധിത സംഘടനയായ സിമി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സീതാറാം ബാതാം ഉള്‍പ്പെടെയുള്ള മൂന്നു പേരുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും നടത്തുന്നതാണീ പ്രകടനം.