Site iconSite icon Janayugom Online

ഉത്തരേന്ത്യയില്‍ പേമാരി തുടരുന്നു; 40 മരണം

വടക്കേ ഇന്ത്യയില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 40 മരണം. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിര്‍ത്താതെ പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. സത്‍ലജ്, രവി, ബിയാസ് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
പഞ്ചാബിലെ ഷഹീബ് സാദാ അജിത് സിങ് നഗര്‍, അനന്ത്പൂര്‍ സാഹിബ്, പത്താൻകോട്ട്, രൂപ് നഗര്‍, നവാശഹര്‍, ഫത്തേഹ്ഗഡ് സാഹിബ് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി. നിരവധി റോഡുകള്‍, റെയില്‍വേ ട്രാക്കുകള്‍, കൃഷിയിടങ്ങള്‍ എന്നിവ വെള്ളത്തിനടിയിലായി. വൈദ്യുതി, ജല വിതരണത്തെയും ബാധിച്ചു. 

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ യമുനാ നദിയില്‍ ജലനിരപ്പുയര്‍ന്നു. ഹരിയാനയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉന്നതതലയോഗം വിളിച്ചു. ഹിമാചല്‍ പ്രദേശില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ഒരു ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അറിയിച്ചു. റോഡുകളുടെയും ഹൈവേകളുടെയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് മഴക്കെടുതികളില്‍ 17 പേര്‍ മരിച്ചു. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാൻ, ഡല്‍ഹി സംസ്ഥാനങ്ങളില്‍ രണ്ട് ദിവസംകൂടി ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. മഴ ശക്തമായതോടെ ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. 

Eng­lish Summary:Torrential rains con­tin­ue in North India; 40 death
You may also like this video

Exit mobile version