Site iconSite icon Janayugom Online

ഹൃദയം തൊട്ട്; നവകേരള സദസിന് ഇന്ന് ഔപചാരിക സമാപനം

കേരളമൊന്നാകെ ഹൃദയത്തോടു ചേര്‍ത്ത് സ്വീകരിച്ച നവകേരള സദസിന് ഇന്ന് ഔപചാരിക സമാപനം. തിരുവനന്തപുരം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സദസുകളാണ് ഇന്ന് നടക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ നവകേരള സദസുകള്‍ ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കും. 

വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാതൃക തീര്‍ത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുമായി സംവദിക്കുന്നതിനായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമെത്താന്‍ തീരുമാനിച്ചതോടെ, ഭരണനിര്‍വഹണത്തിലും മാതൃക സൃഷ്ടിക്കുകയായിരുന്നു. ജനങ്ങളുടെ പരാതികള്‍ അറിയിക്കുന്നതിനായി ഓരോ കേന്ദ്രത്തിലും ഒരുക്കിയ സംവിധാനങ്ങളിലൂടെ വിവിധ വിഷയങ്ങളിലെ നൂറുകണക്കിന് പരാതികള്‍ക്കാണ് പരിഹാരമായത്. ഓരോ ദിവസവും നടന്ന പ്രഭാത യോഗങ്ങളിലൂടെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരുടെ നിര്‍ദേശങ്ങളും ആശങ്കകളും സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തി. 

നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംഘടിപ്പിച്ച നവകേരള സദസിന് കഴിഞ്ഞ മാസം 18നാണ് തുടക്കമായത്. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിക്ക് ഇന്ന് തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസോടെയാണ് സമാപനമാകുന്നത്. ഇടപ്പഴഞ്ഞി ആർഡിആർ കൺവെൻഷൻ സെന്ററിലെ പ്രഭാതയോഗത്തോടെ ഇന്നത്തെ സദസ് ആരംഭിക്കും. തുടര്‍ന്ന് കോവളം, നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സദസുകള്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവച്ച നവകേരള സദസിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് തൃക്കാക്കരയിലും അഞ്ച് മണിക്ക് പിറവം മണ്ഡലത്തിലും പരിപാടി നടക്കും. രണ്ടിന് വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറയിലും അഞ്ചിന് കുന്നത്തുനാടും നവകേരള സദസുകള്‍ നടക്കും. 

Eng­lish Sum­ma­ry: touch the heart; For­mal clos­ing of Navk­er­ala Sadas today

You may also like this video

Exit mobile version