Site iconSite icon Janayugom Online

തൊഴിലാളി സെസ് ഫണ്ട് : ചെലവഴിച്ചത് കേരളം മാത്രം

LabourLabour

തൊഴിലാളി സെസ് ഫണ്ട് മുഴുവനും ചെലവഴിക്കുന്ന സംസ്ഥാനം കേരളം മാത്രമാണെന്നും മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രകടനം ഇക്കാര്യത്തില്‍ മോശമാണെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയം. കേരളം പിരിച്ചെടുത്ത ഫണ്ട് മുഴുവനും ചെലവഴിച്ചെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലാജെ പാര്‍ലമെന്റിനെ അറിയിച്ചു. 2024 മാര്‍ച്ച് 31 വരെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും തൊഴിലാളി സെസ് ഇനത്തില്‍ 1,12,331.09 കോടി പിരിച്ചെടുത്തു. ഇതില്‍ 64,193.90 കോടിയാണ് ചെലവഴിച്ചത്. ബാക്കി 48,137.19 കോടി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ കിടക്കുകയാണ്. മുഴുവന്‍ തുകയും ചെലവഴിച്ച് ഒന്നാമതെത്തിയ കേരളത്തിന്റെ സെസ് പിരിവും ചെലവും 3,457 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ‍്സ് നിയമപ്രകാരം പിരിച്ചെടുക്കുന്ന തൊഴിലാളി സെസ്, കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളാണ് ഫണ്ട് കൃത്യമായി വിനിയോഗിക്കേണ്ടത്. നിയമത്തിലെ വകുപ്പ് 22, ഗുണഭോക്താവിന് അപകടം സംഭവിച്ചാല്‍ ഉടനടി സഹായം നല്‍കുന്നതിന് ഫണ്ട് വിനിയോഗിക്കുന്നതിനും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് പണം നല്‍കുന്നതിനും പെന്‍ഷന്‍ കൊടുക്കുന്നതിനും ഭവന വായ്പകളും അഡ്വാന്‍സുകളും നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്നു.
ഗുണഭോക്താക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം, ആശ്രിതര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായാല്‍ ചികിത്സാ ചെലവ് വഹിക്കുക, വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രസവാനുകൂല്യം, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങളും നിയമത്തിലുണ്ട്. അതുകൊണ്ട് ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ക്കായി അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചില്ലെന്ന് തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി.

ഗുജറാത്ത് 5,549.46 കോടിയില്‍ 1,012.22 കോടിയാണ് ചെലവഴിച്ചത്. 4,537.24 കോടി ബാക്കിയുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ വ്യവസായിക സംസ്ഥാനങ്ങള്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. കര്‍ണാടക മൊത്തം ഫണ്ടായ 10,874 കോടിയില്‍ നിന്ന് 7,028.05 കോടിയാണ് ചെലവഴിച്ചത്. മഹാരാഷ്ട്ര 18,579.82 കോടി പിരിച്ചെടുത്തതില്‍ 12,909.16 കോടി ചെലവഴിച്ചു. ‌‌രാജ്യത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ 5,65,16,292 തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Eng­lish Sum­ma­ry: Tourism reel­ing from nat­ur­al disasters 

You may also like this video

YouTube video player
Exit mobile version