Site iconSite icon Janayugom Online

പ്രകൃതി ദുരന്തങ്ങളില്‍ ആടിയുലഞ്ഞ് ടൂറിസം

wyndwynd

നിരന്തരമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതത്താല്‍ സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായം ആടിയുലയുന്നു. കോവിഡും പ്രളയവും ഓഖിയുമെല്ലാം അതിജീവിച്ച് തിരിച്ചുവരവു നടത്തുന്നതിനിടയിലാണ് വീണ്ടും പ്രകൃതി ദുരന്തങ്ങള്‍ വില്ലനായെത്തി മേഖലയെ ആശങ്കാജനകമായി തളര്‍ത്തുന്നത്.
കഴിഞ്ഞ വര്‍ഷം ടൂറിസം വ്യവസായത്തില്‍ നിന്നുള്ള വരുമാനം 35,168.41കോടി രൂപയായിരുന്നുവെന്നാണ് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വെളിപ്പെടുത്തിയത്. ഈ വര്‍ഷം അര്‍ധവാര്‍ഷികം പൂര്‍ത്തിയാക്കുമ്പോള്‍ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തില്‍ 10 ശതമാനമാണ് വിനോദ സഞ്ചാരമേഖലയുടെ സംഭാവന. കഴിഞ്ഞ വര്‍ഷം 20.1ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ ഈ പതനത്തില്‍ എത്തിയിരിക്കുന്നത്. 22ല്‍ 1.89കോടി വിനോദ സഞ്ചാരികള്‍ എത്തിയ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 2.18കോടി സന്ദര്‍ശകരാണെത്തിയത്. ഈ വര്‍ഷം അത് 64ലക്ഷത്തോളമായി കുറയുമെന്നും കണക്കുകൂട്ടലുണ്ട്.
കാലവര്‍ഷക്കെടുതിയും മലപ്പുറത്തെ നിപ്പയുമെല്ലാം ടൂറിസം വ്യവസായത്തെ ബാധിച്ചപ്പോള്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍, പ്രതിസന്ധിയുടെ ആക്കംകൂട്ടി. ഉരുള്‍പൊട്ടലിനുശേഷം ഇടുക്കിയും വയനാടും എറണാകുളവും തിരുവനന്തപുരവുമടക്കം എല്ലാ ജില്ലകളിലും വിനോദസഞ്ചാരികളുടെ ബുക്കിങ്ങില്‍ കാര്യമായ കുറവുണ്ടായെന്ന് ഹോട്ടല്‍ — ട്രാവല്‍ ഏജന്‍സിവൃത്തങ്ങള്‍ പറയുന്നു. മുന്‍കൂട്ടി ബുക്കുചെയ്തവയില്‍ 81ശതമാനവും റദ്ദാക്കിയത് വയനാട് ദുരന്തത്തിനുശേഷമാണെന്ന് സ്റ്റെയ്ഡ് ഹോട്ടല്‍ ശൃംഖലയുടെ എംഡി സുധീഷ് നായര്‍ വെളിപ്പെടുത്തി. പുതിയ ബുക്കിങ്ങുകളും വിരളം. വിനോദ സഞ്ചാരികള്‍ കേരളത്തെ കയ്യൊഴിഞ്ഞതോടെ സംസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകളിലും ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും 90ശതമാനത്തോളം മുറികളും ഒഴിഞ്ഞുകിടപ്പാണ്. മൂന്നാര്‍, ബേക്കല്‍, കുമരകം തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കുതന്നെ നിലച്ചമട്ടാണ്. ആശങ്കയില്ലാത്തതിനാല്‍ കോവളം സമുദ്രതീര വിനോദസഞ്ചാര കേന്ദ്രം മാത്രമാണ് തെല്ലൊന്ന് പിടിച്ചുനില്‍ക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ പ്രകൃതിദുരന്തങ്ങളുടെ ഭൂമിയായി മാറിയിരിക്കുന്നുവെന്ന ഉത്തേരന്ത്യന്‍ ടൂറിസം ലോബിയുടെ പ്രചണ്ഡമായ പ്രചാരണവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് കേരളത്തിലെ ടൂറിസ്റ്റ് സീസണ്‍. ഗള്‍ഫ് നാടുകളില്‍ അവധിക്കാലമായതിനാല്‍ അവിടെ നിന്നുള്ള പ്രവാസി കുടുംബങ്ങളും വിനോദസഞ്ചാരത്തിനും ആയുര്‍വേദ ചികിത്സയ്ക്കുമായി കേരളത്തിലെത്താറുണ്ട്. ഇപ്രകാരം ഒന്നരലക്ഷം പ്രവാസികളാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയത്. ഈ വര്‍ഷം സീസണിലെ ഹോട്ടല്‍ ബുക്കിങ് ഏഴു ശതമാനം മാത്രമായി കുത്തനെ താണു. 85ശതമാനവും ബുക്കിങ് റദ്ദാക്കിയിട്ടുണ്ട്. ആയിരത്തിലധികം ഹോട്ടലുകളും റിസോര്‍ട്ടുകളുമുള്ള മൂന്നാറില്‍ ഒരാഴ്ചയായി പുതുതായി ഒരു ബുക്കിങ് പോലുമില്ല. ആലപ്പുഴ, കുമരകം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹൗസ്ബോട്ട് ടൂറിസവും പ്രതിസന്ധിയിലായി. വയനാട് ദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാന – ജില്ലാതല ഓണാഘോഷ പരിപാടികളും തൃശൂരിലെ പുലിക്കളിയും നെഹ്രു ട്രോഫി വള്ളംകളിയും ഉപേക്ഷിച്ചതോടെ ഈ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന വിദേശ – ആഭ്യന്തര ടൂറിസ്റ്റുകളും ഇത്തവണ എത്തില്ല. നെഹ്രു ട്രോഫി വള്ളംകളി മത്സരങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ഓഗസ്റ്റില്‍ ഉണ്ടാകേണ്ടിയിരുന്ന മുഴുവന്‍ ബുക്കിങ്ങും റദ്ദായതായി പള്ളിത്തുരുത്തിയിലെ ബോട്ടുടമയായ ജോമോന്‍ ജോസ് പറയുന്നു.
ടൂറിസം മേഖല തളര്‍ന്നതോടെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്ബോട്ടുകള്‍, ഹോംസ്റ്റേകള്‍, ടൂറിസം ഏജന്‍സികള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികളും പ്രതിസന്ധിയിലായി. 

Eng­lish Sum­ma­ry: Tourism reel­ing from nat­ur­al disasters

You may also like this video

Exit mobile version