Site icon Janayugom Online

വിനോദ സഞ്ചാരമേഖലയില്‍ പ്രാദേശിക തൊഴിലവസര സാധ്യതയൊരുങ്ങുന്നു

വിനോദസഞ്ചാരമേഖലയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് തൊഴിലവസര സാധ്യതയൊരുങ്ങുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിനോദ സഞ്ചാര വകുപ്പിന് കീഴിലില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്വഭാവമുള്ള സൊസൈറ്റിയായി മാറുന്നതോടെ സാധാരണക്കാരായ ജനങ്ങളുടെ വിനോദസഞ്ചാര രംഗത്തുള്ള ഇടപെടലുകള്‍ക്ക് വഴി തുറക്കും. വിനോദസഞ്ചാര രംഗത്തുള്ള അസംഘടിതരായ പ്രാദേശിക ജനങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ സംഘടിത സ്വഭാവം കൈവരികയും കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യും. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കിയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ സൊസൈറ്റി ഏറ്റെടുത്തു നടത്തും.

ഇത് പ്രാദേശികതലത്തിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. ഇതുവരെ ടൂറിസം രംഗത്ത് ലൈസന്‍സോ അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംരംഭങ്ങള്‍ക്കെല്ലാം ക്രമവല്‍ക്കരണം ഏര്‍പ്പെടുത്തി അനുമതി ലഭ്യമാക്കും. മാത്രമല്ല ഇവര്‍ രൂപപ്പെടുത്തിയെടുത്ത പ്രവര്‍ത്തനമാതൃകകള്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാനും സാധിക്കും. പ്രാദേശിക തൊഴില്‍ വര്‍ധിപ്പിക്കാനായി വിനോദസഞ്ചാര മേഖലയ്ക്ക് ആവശ്യമായ ഉല്പന്ന, സേവന മേഖലകളില്‍ പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും ഇത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തൊഴില്‍ ലഭ്യമാക്കുവാനും സൊസൈറ്റി ലക്ഷ്യമിടുന്നു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റ് എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് സംസ്ഥാനത്തിന്റെ എല്ലാ പ്രദേശത്തും ടൂറിസത്തിന് അനുബന്ധകേന്ദ്രങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ടൂറിസം സൊസൈറ്റിയ്ക്ക് പദ്ധതിയുണ്ട്.

നാശോന്മുമായിക്കൊണ്ടിരിക്കുന്ന നാടിന്റെ സാംസ്കാരിക തനിമ, പാരമ്പര്യ കലാരൂപങ്ങള്‍, പരമ്പരാഗത ഉപജീവനപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാരത്തിലൂടെ വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്ന ഉത്തരവാദിത്തടൂറിസം മിഷന്റെ പ്രധാന ദൗത്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി ഒരു ശൃംഖല രൂപീകരിക്കുകയും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യും. സാംസ്കാരിക വിനിമയ പരിപാടികള്‍ നടപ്പാക്കുക വഴി സാധാരണക്കാരായ ജനങ്ങളുടെ ഇടപെടലുകള്‍ക്ക് പുതിയ മാനം നല്‍കാനും സൊസൈറ്റിക്ക് സാധിക്കും. ഇതുവരെ സര്‍ക്കാര്‍ ഫണ്ട് മാത്രം പ്രയോജനപ്പെടുത്തിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോയിരുന്നത്. സൊസൈറ്റിയായി മാറുന്നതോടെ മറ്റ് ഏജന്‍സികള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ സാധിക്കും. ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സിഇഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലാണ് സൊസൈറ്റിയുടെ ഘടന.

Eng­lish Sum­ma­ry: Employ­ment oppor­tu­ni­ties in the tourism sector
You may also like this video

Exit mobile version