Site iconSite icon Janayugom Online

നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ടൂറിസ്റ്റ് ബസ് അപകടം; ഇന്ത്യൻ പൗരൻ ഉൾപ്പെടെ 5 പേർ മരിച്ചു

54 യാത്രക്കാരുമായി നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഇന്ത്യൻ  പൗരൻ ഉൾപ്പെടെ 5 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിഹാറിൽ നിന്നുള്ള ശങ്കർ കുമാർ ഝാ (65), ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ബ്രൺസ്‌വിക്കിൽ നിന്നുള്ള പിങ്കി ചാങ്‌റാനി (60), ചൈനയിലെ ബീജിംഗിൽ നിന്നുള്ള സീ ഹോങ്‌ഷുവോ (22), ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ നിന്നുള്ള ഷാങ് സിയോലാൻ (55), ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ നിന്നുള്ള ജിയാൻ മിങ്ലി(56) എന്നിവരാണ് മരിച്ചത്.

ബഫല്ലോയ്ക്കടുത്തുള്ള പെംബ്രോക്കിലെ ഇന്റർസ്റ്റേറ്റ് 90 ൽ വെള്ളിയാഴ്ച ഇന്ത്യൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണ് അപകടം ഉണ്ടായത്. നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം ന്യൂയോർക്ക് നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസിൽ രണ്ട് ബസ് കമ്പനി ജീവനക്കാർ ഉൾപ്പെടെ 54 പേരുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ, ചൈനക്കാർ, ഫിലിപ്പിനോകൾ എന്നിവരായിരുന്നുവെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് ട്രൂപ്പർ ജെയിംസ് ഒ’കല്ലഗൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

Exit mobile version