Site icon Janayugom Online

കളർ കോഡിലും കോവിഡിലും കുടുങ്ങി ടൂറിസ്റ്റ് ബസുകള്‍

“കോവിഡ് രൂക്ഷമായതിനെത്തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ വരികയാണ്. ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ചെറിയ ഓട്ടം പോലും ഇനി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇതിനിടയിൽ നികുതി ഭാരം ഉൾപ്പെടെ വരുന്നതോടെ മുന്നോട്ടുള്ള യാത്ര ഏറെ പ്രയാസത്തിലാണ്… ” — കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ നികുതി, ഏകീകൃത കളർ കോഡ്, ജിപിഎസ് എന്നിവയിൽ കുടങ്ങി പ്രതിസന്ധിയിലായ ടൂറിസ്റ്റ് ബസുടമകളുടെ വാക്കുകളാണിത്. നിപ, ശബരിമല പ്രശ്നങ്ങൾ, പ്രളയം എന്നിവ മൂലം 2017 മുതൽ തന്നെ പ്രതിസന്ധിയിലായ ടൂറിസ്റ്റ് ബസ് മേഖല കോവിഡ് സാഹചര്യത്തിൽ കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ഉടമകൾ പറയുന്നു. ഇതിനിടയിലാണ് ജനുവരിയിൽ ഒമ്പത് മാസത്തെ നികുതി അടയ്ക്കാനുള്ള നിർദേശം.

നിലവിൽ 49 സീറ്റുള്ള പുഷ് ബാക്ക് വാഹനങ്ങൾക്ക് മൂന്നു മാസത്തേക്ക് അമ്പതിനായിരം രൂപയാണ് നികുതി അടയ്ക്കേണ്ടത്. ജനുവരിയിൽ തുടങ്ങുന്ന ത്രൈമാസ നികുതി കൂടാതെ ആറുമാസത്തെ നികുതി കുടിശ്ശികയും ഉണ്ട്. ഇത് മാത്രം ഒന്നര ലക്ഷത്തോളം വരും. കളർ കോഡ് നടപ്പിലാക്കണമെങ്കിൽ ഒരു വണ്ടി നല്ല രീതിയിൽ പെയിന്റ് ചെയ്ത് പുറത്തിറക്കാൻ ഒന്നേകാൽ ലക്ഷത്തോളം രൂപ ആവശ്യമാണ്. ടൂറിസ്റ്റ് ബസുകൾക്കു മാത്രമല്ല കോൺട്രാക്ട് കാര്യേജായി ഓടുന്ന എല്ലാ വാഹനങ്ങൾക്കും ഈ കളർകോഡ് ബാധകമാണ്. ഇൻഷുറൻസ് തുക ഉൾപ്പെടെ വരുമ്പോൾ വലിയ പ്രതിസന്ധിയിലാണ് ഉടമകളെത്തി നിൽക്കുന്നതെന്ന് ടൂറിസ്റ്റ് ബസുടമയും കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ രാജു ഗരുഡ പറഞ്ഞു. പുഷ് ബാക്കില്ലാത്ത വാഹനങ്ങൾക്ക് 40,0­00­ രൂപ നികുതിയുണ്ട്. ഇതിന് പുറമെ ഇൻഷുറൻസ് ബാധ്യത ഒരു ലക്ഷം വരെ വരും.

വലിയ പ്രതീക്ഷയിൽ 2020 ൽ പത്തു ലക്ഷത്തോളം രൂപ ബസുകൾക്കായി ചെലവഴിച്ചിരുന്നു. ഇത്തരത്തിൽ പലരും ലോണെടുത്തും മറ്റും വലിയ തുകയാണ് ഈ മേഖലയിൽ ചെലവഴിച്ചിരിക്കുന്നത്. അതിനു ശേഷമുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യാൻ ഇവർക്കാർക്കും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് പെർമിറ്റുള്ള പതിനഞ്ചായിരത്തിലേറെ വരുന്ന ടൂറിസ്റ്റ് ബസുകളിൽ കോവിഡ് സാഹചര്യത്തിന് ശേഷം ഏതാണ്ട് അമ്പത് ശതമാനം ബസുകൾ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ലോക്ഡൗൺ തുടക്കത്തിൽ സ്റ്റോപ്പേജ് വാങ്ങി നിറുത്തിയിട്ട പല ബസുകളും പുറത്തിറങ്ങാതെ കിടക്കുകയാണ്. ഇതിൽ പല ബസുകളും ശോചനീയമായ അവസ്ഥയിലാണ്. ഇതെല്ലാം നന്നാക്കി പുറത്തിറക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ വേണ്ടിവരും.

അതുകൊണ്ട് തന്നെ പലരും ഈ മേഖലയിൽ നിന്നും വിട്ടുപോകുന്ന സ്ഥിതിയുമുണ്ട്. വിനോദയാത്രകളും വിവാഹങ്ങളുമെല്ലാം കുറഞ്ഞത് പ്രതിസന്ധി വർധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ നികുതിയും മറ്റും അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും രാജു വ്യക്തമാക്കി. സംസ്ഥാനത്ത് അവധിക്കാല വിനോദയാത്രകളും തീർത്ഥാടനവും വലിയ വിവാഹങ്ങളുമെല്ലാം രണ്ടു വർഷത്തോളമായി നിലച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓരോ ബസുകളും പുറത്തിറക്കിയിട്ടുള്ളത്.

കോവിഡ് രൂക്ഷമായ കാലത്ത് ഓടാതെ നിർത്തിയിട്ടപ്പോഴും ഓരോ ബസുകൾക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എസിയും ബാറ്ററിയും ടയറുമെല്ലാം നന്നാക്കാനും മറ്റുമായി വലിയ തുകയാണ് പലർക്കും ചെലവായത്. കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിൽ പെട്ട ജൂലൈ- ഡിസംബർ രണ്ട് ക്വാർട്ടർ ടാക്സ് ഒഴിവാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഡിസംബർ 31 വരെ സമയം നീട്ടി നൽകുക മാത്രമാണ് ഉണ്ടായത്. ഈ സമയം കഴിഞ്ഞതോടെ ഫൈൻ അടക്കം ടാക്സ് അടക്കേണ്ട സ്ഥിതിയിലാണ് വാഹന ഉടമകൾ. ഈ ആറുമാസ ക്വാർട്ടറിൽ വാഹനങ്ങൾ അൽപ്പമെങ്കിലും ഓടിയത് ഡിസംബർ മാസത്തിൽ മാത്രമാണെന്നും വാഹന ഉടമകൾ വ്യക്തമാക്കുന്നു.

eng­lish sum­ma­ry; Tourist bus­es stuck in col­or code and covid

you may also like this video;

Exit mobile version