Site iconSite icon Janayugom Online

ഹട്ട് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോര്‍ട്ട് മാനേജരും, സൂപ്പര്‍വൈസറും അറസ്റ്റില്‍

റിസോര്‍ട്ടിലെ പുല്ലുമേഞ്ഞ ഹട്ട് തകര്‍ന്ന് ടെന്റിനുമുകളില്‍ വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും, സൂപ്പര്‍വൈസറും അറസ്റ്റില്‍. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് മാനേജര്‍ കെ പി സ്വച്ഛന്ദ്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഈ മാസം 28 വരെ റിമാൻഡിൽ വെയ്ക്കും.നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് ബിക്കൻ വീട്ടിൽ ബി നിഷ്‌മ(25)യാണ് മരിച്ചത്. മേപ്പാടി തൊള്ളായിരംകണ്ടിയിൽ ഇന്നലെ പുലർച്ചെ രണ്ടിന് എമറാൾഡ് വെഞ്ചേഴ്സ് റിസോർട്ടിലാണ് അപകടം.

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 16 പേരാണ് ബുധൻ വൈകിട്ട് നാലോടെ റിസോർട്ടിൽ എത്തിയത്. തകർന്ന ഹട്ടിനുള്ളിൽ 4 ടെന്റുകളിലായി 9 പേരാണ് താമസിച്ചിരുന്നത്. ടെന്റിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക്‌ ഹട്ടിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. പുല്ലും ടാർപായയും മരത്തടിയുമടക്കം വീണു. 15 അടിയോളം ഉയരത്തിലായിരുന്നു ഹട്ട്. ബുധൻ വൈകിട്ട് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. 

വെള്ളത്തിന്റെ ഭാരം മേൽക്കൂരയ്‌ക്ക്‌ താങ്ങാനാവാതെ തകർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ നിഷ്‌മയെ റിസോർട്ടിലെ വാഹനത്തിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്ങിലും മരിച്ചിരുന്നു. മറ്റുള്ളവർക്ക് തലയ്‌ക്കും കാലിനും കൈയ്‌ക്കും നിസ്സാര പരിക്കേറ്റു. റിസോർട്ട് പൊലീസ് അടപ്പിച്ചു. റിസോർട്ടിന് പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഷെഡ് നിർമിച്ചത് മൂന്ന് വർഷംമുമ്പാണ്‌. ഗുണനിലവാരമില്ലാത്തതും അറ്റകുറ്റപ്പണി നടത്താത്തതുമായിരുന്നു ഇത്‌. 

Tourist dies after hut col­laps­es; Resort man­ag­er and super­vi­sor arrested

Exit mobile version