Site icon Janayugom Online

കറുവപ്പട്ടയുടെ വ്യാജൻ വ്യാപകമാകുന്നു; വിപണിയിലുള്ള കരളിനെയും വൃക്കയേയും തകർക്കുന്ന കാസിയ

മസാലകൂട്ടുകളിൽ പ്രമുഖസ്ഥാനമുള്ള കറുവപ്പട്ടക്ക് വ്യാജന്മാർ വ്യാപകം. കറുവപ്പട്ടയോട് ഏറെ സാദൃശ്യമുള്ള കാസിയയാണ് ഇപ്പോൾ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി കാസിയ കറുവപ്പട്ടയെന്ന പേരിൽ വില്‍ക്കുന്നത് നിരോധിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി കടലാസിലൊതുങ്ങി.
കാസിയയിൽ അടങ്ങിയിരിക്കുന്ന കമോറിൻ എന്ന ഘടകം കരളിനെയും വൃക്കയേയും തകർക്കുന്നതാണ്. ഇക്കാരണത്താൽ എല്ലാ യൂറോപ്യൻ രാജ്യങ്ങളും കാസിയ ഇറക്കുമതി ചെയ്യുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഒരു കിലോ കാസിയ ഇറക്കുമതി ചെയ്യാൻ 35 രൂപ ചെലവാകുമെങ്കിൽ യഥാർഥ കറുവപ്പട്ടക്ക് 250 മുതൽ 350 രൂപവരെ വരും. ഉല്പാദനവും ആവശ്യകതയും തമ്മിലുള്ള വലിയ വിടവ് നികത്തുന്നത് ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ കാസിയ കൊണ്ടാണ്. കറുവപ്പട്ടയും കാസിയയും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമായതാണ് വ്യാജൻ പ്രചരിക്കാൻ കാരണം.
യഥാർത്ഥ കറുവപ്പട്ടയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള ഹൃദ്രോഗികളിൽ എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിനെ സ്ഥായിയായി നിലനിർത്തുകയും ചെയ്യുന്നു.
നാഡീവ്യൂഹത്തിലെ കോശങ്ങളുടെ പ്രവർത്തനത്തെ ജീർണിപ്പിക്കുന്ന രോഗങ്ങളായ അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നു. ഇങ്ങനെ നിരവധി ഗുണങ്ങളാണ് കറുവപ്പട്ടയിൽ നിന്നും ലഭിക്കുന്നത്. സിന്നമോമം സെയ്ലാനിക്കം എന്നാണ് കറുവയുടെ ശാസ്ത്രനാമമെങ്കിൽ അപരനായ ചൈന കറുവ അഥവാ കാസിയയുടെ ശാസ്ത്രനാമം സിന്നമോമം കാസിയ എന്നാണ്.
കറുവയ്ക്ക് മധുരം കലർന്ന് ചെറിയ എരിവ് ഉണ്ടെങ്കിൽ കാസിയയ്ക്ക് നല്ല എരിവാണ്. കറുവയ്ക്ക് ഇളം തവിട്ടു നിറം. കാസിയയ്ക്ക് ചുവപ്പു കലർന്ന തവിട്ടു നിറമോ കടുപ്പമുള്ള തവിട്ടുനിറമോ ആയിരിക്കും. യഥാർഥ കറുവ ഉണങ്ങിക്കഴിയുമ്പോൾ ഒരു സിഗരറ്റുപോലെ ആയിരിക്കും. കറുവപ്പട്ട മാർദവമുള്ളതായിരിക്കും. കാസിയയുടെ പട്ട കട്ടിയുള്ളതും ഉണങ്ങിക്കഴിയുമ്പോൾ ഒരു കുഴൽ പോലെയും ആയിരിക്കും. ഇത് തിരിച്ചറിയാൻ എളുപ്പമാണ്.
ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയാൽ ഇതിൽ നിന്നും രക്ഷപ്പെടാമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. കറുവപ്പട്ടയുടെ ഇറുക്കുമതിയും ഉപയോഗവും നിയന്ത്രിക്കുന്ന ശക്തമായ നിയമം ഇന്ത്യയിൽ ഇപ്പോൾ നിലവിലില്ല. 2008ൽ സ്പൈസസ് ബോർഡ് കാസിയ ഇറക്കുമതി നിയന്ത്രിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: tox­ic cas­sia replaces cin­na­mon in markets

You may like this video also

Exit mobile version