ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ‘ടോക്സിക്’ വിവാദക്കുരുക്കിൽ. ചിത്രത്തിന്റെ ടീസറിൽ അശ്ലീലത അടങ്ങിയിട്ടുണ്ടെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ച് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സെൻസർ ബോർഡിന് കത്തെഴുതി. ടീസർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് കമ്മീഷന്റെ ആവശ്യം.
ടീസറിലെ രംഗങ്ങൾ കന്നഡ സംസ്കാരത്തിന് നിരക്കാത്തതാണെന്നും സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. യാതൊരു പ്രായപരിധിയോ മുന്നറിയിപ്പോ ഇല്ലാതെ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നത് കുട്ടികളെയും സ്ത്രീകളെയും ദോഷകരമായി ബാധിക്കുമെന്ന് എ എ പി സംസ്ഥാന സെക്രട്ടറി ഉഷാ മോഹൻ പരാതിയിൽ പറഞ്ഞിരുന്നു. മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ നിയമനടപടികൾ. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

