Site iconSite icon Janayugom Online

എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറശക്തമെന്ന് ടി പി രാമകൃഷ്ണന്‍

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ അടിത്തറ ശക്തമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വരാനിരിക്കുന്ന തെര‍ഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുമെന്നും ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു,കേരള കോൺഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും അതിൽ മാറ്റമില്ലെന്നും . മുന്നണിയും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആ പാർട്ടിയുടെ ചെയർമാൻ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ് എം എന്ത് നിലപാട് എടുക്കണം എന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണ്. 

നിലവിൽ എൽഡിഎഫിന്റെ ഭാഗമാണ് ആ പാർട്ടിയെന്ന കാര്യത്തിൽ മുന്നണിക്കോ അവർക്കോ മറ്റൊരു അഭിപ്രായമില്ല. എൽഡിഎഫ് വിപുലീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. എൽഡിഎഫിന് ഇക്കാര്യത്തിൽ യാതൊരു വിസ്മയവുമില്ല. എന്നാൽ യുഡിഎഫിന് വലിയ ആശങ്കയാണുള്ളത്. അവരുടെ അടിത്തറ ഭദ്രമാണെങ്കിൽ മറ്റ് പാർട്ടികളെ സ്വാധീനിക്കാൻ ഇത്തരത്തിൽ നീക്കങ്ങൾ നടത്തേണ്ട ആവശ്യമില്ലല്ലോ എന്ന് ടിപി രാമകൃഷ്ണൻ പരിഹസിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും ഫെനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലും പ്രതികരിക്കവേ, കോൺഗ്രസ് തുടർച്ചയായി സ്ത്രീവിരുദ്ധ മനോഭാവം സ്വീകരിക്കുന്നവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം നിലപാടുകൾ എടുക്കുന്നവരെ സഹായിക്കാൻ ആളുകളുള്ളതുകൊണ്ടാണ് രാഹുലിനെപ്പോലെയുള്ളവർക്ക് ഇത്തരത്തിൽ മുന്നോട്ട് പോകാൻ സാധിക്കുന്നത്. കോൺഗ്രസിനുള്ളിൽ തന്നെ ഇത്തരം സ്ത്രീവിരുദ്ധമായ സമീപനങ്ങൾക്ക് പിന്തുണ ലഭിക്കുന്നത് അവരുടെ മൂല്യച്യൂതിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് വിട്ട് മറ്റൊരു പാത സ്വീകരിച്ച രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ടാണ് എംഎൽഎ സ്ഥാനം രാജിവെക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വ്യക്തി എന്ന നിലയിൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ എന്തുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെടാത്തത്? ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനമാണ് വ്യക്തമാക്കുന്നതെന്നും ടി പി പറഞ്ഞു 

Exit mobile version