എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ. വിദേശത്ത് നിന്ന് മയക്കുമരുന്നെത്തിച്ച് കച്ചവടം ചെയ്യുന്ന നൈജീരിയൻ സ്വദേശിയെ വഞ്ചിയൂർ പൊലീസാണ് പിടികൂടിയത്. ഡുമോ ലയണൽ (38) ആണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് ട്രെയിൻമാർഗം കടത്തിക്കൊണ്ടുവന്ന 108 ഗ്രാം എംഡിഎംഎയുമായി ശ്രീകാന്ത് എന്നയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യപ്പോഴാണ് കൂടുതൽ പേരുടെ പങ്ക് തെളിഞ്ഞത്. ഇലക്‌ട്രോണിക് വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്ത്. പിന്നാലെ ശ്രീകാന്തിന് മയക്കുമരുന്ന് കൈമാറിയ സിൽവസ്റ്റർ എന്നയാളെ പൊലീസ് പിടികൂടി. ഇയാൾ വഴിയാണ് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശിയിലേക്കെത്തിയത്. ഡുമോ ലയണലിനെ കൂടുതൽ ചോദ്യം ചെയ്താൽ വൻ മാഫിയകളെ പറ്റി സൂചന ലഭിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.
എംഡിഎംഎ കടത്ത്; മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ

