കരോള്‍ബാഗിന് സമീപം രാജേന്ദ്രനഗറില്‍ സ്വകാര്യ ഐഎഎസ് പരിശീലന കേന്ദ്രത്തിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മലയാളിയടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വില്ലനായി മാറിയത് ബയോമെട്രിക് സംവിധാനത്തിലെ തകരാര്‍. റോഡില്‍ വെള്ളം നിറഞ്ഞതോടെ കെട്ടിടത്തിന്റെ അടിത്തറയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതോടെ വാതിലുകള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള ബയോമെട്രിക് സംവിധാനം നിശ്ചലമായതോടെയാണ് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ അകപ്പെട്ടത്.
സംഭവത്തിന് പിന്നാലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയ പരിശോധനയില്‍ അധിക ജലം ഒഴുക്കിക്കളയാനുള്ള അഴുക്കുചാലുകള്‍ കയ്യേറ്റക്കാര്‍ മൂടിയതായി കണ്ടെത്തി. പരിശീലന സ്ഥാപനത്തിന്റെ താഴത്തെ നിലയിലെ ലൈബ്രറിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അടിത്തറയില്‍ ഫയര്‍ സര്‍വീസ് അനുമതി വാങ്ങാതെയാണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെട്ടിടത്തിന്റെ അടിത്തറയിലെ ഡ്രൈനേജ് സംവിധാനത്തിന്റെ അപര്യാപ്തയും ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. പരിശീലന കേന്ദ്രത്തിന് മുന്നില്‍ മതിലുണ്ടായിരുന്നതിനാല്‍ അകത്തേക്ക് വെള്ളം കയറില്ലായിരുന്നു. എന്നാല്‍ ശനിയാഴ്ച ഉണ്ടായ ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം 40തോളം വിദ്യാര്‍ത്ഥികള്‍ താഴത്തെ നിലയിലെ ലൈബ്രറിയിലുണ്ടായിരുന്നു. മിക്കവരും ചാടി രക്ഷപെടുകയായിരുന്നെന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു മലയാളി വിദ്യാര്‍ത്ഥി പറഞ്ഞു. ബയോമെട്രിക് തകരാര്‍ സംബന്ധിച്ച് പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
ഡല്‍ഹിയുടെ മിക്ക ഭാഗങ്ങളിലും ശനിയാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ചെളിയും മണ്ണും അടിഞ്ഞ് ഡ്രയ്നേജ് സംവിധാനം താറുമാറായതും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയുണ്ടാക്കിയെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
English Summary: Tragedy at IAS Training Centre; Biometric failure led to death
You may also like this video