Site iconSite icon Janayugom Online

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം

അമ്മയുടെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ, വാഹനം കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം.തിരൂർ ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുൻപിൽ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത്. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൾക്കീസിന്റെ യും മകളായ ഫൈസ(6) യാണ് മരണപ്പെട്ടത്. 

പുറണ്ണൂർ യുപിസ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഫൈസൽ ഇൻസ്റ്റാൾമെൻ്റിന് സാധനങ്ങൾ കൊണ്ടുപോയി കൊടുക്കുന്ന ജോലിക്കാരനാണ്. ഫൈസലും ഭാര്യയും ഫൈസയും തിരൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ബന്ധുവായ രോഗിയെ കാണാൻ ഓട്ടോയിൽ വന്ന് തിരിച്ചു പോകുകയായിരുന്നു. ഫൈസ മാതാവിന്റെ മടിയിലിരുന്നു യാത്ര ചെയ്യുകയും പിതാവ് ഓട്ടോ ഓടിക്കുകയുമായിരുന്നു. 

കുഴിയിൽ ചാടിയ ഓട്ടോറിക്ഷയുടെ പിൻഭാഗം പൊങ്ങിയതോടെ അമ്മയുടെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ് വയറിന് സാരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ കുട്ടി മരണപ്പെട്ടു. ഫാസിൽ, അൻസിൽ എന്നിവർ സഹോദരങ്ങളാണ്.

Exit mobile version