എലത്തൂർ ട്രെയിൻ തീവയ്പ് കേസില്‍ അഭിഭാഷകനുമായി തനിച്ച് സംസാരിക്കണമെന്ന പ്രതി ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു കേസിലെ മുഖ്യപ്രതി ഷാരൂഖിന്റെ ആവശ്യം. അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാമെന്ന് വ്യക്തമാക്കി.
ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതിയിൽ എൻഐഎ ശക്തമായി എതിർത്തിരുന്നു. നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായി സംസാരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഷാരൂഖിനെ ഓൺലൈനായി കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കും. കുറ്റകൃത്യത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാരൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ അന്വേഷണത്തിന് വഴിതുറന്നത്.
ഷാരൂഖ് ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തതിൽ ദൂരൂഹതയുണ്ടെന്ന് എൻഐഎ നേരത്തെ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. തീവയ്പിന് ആസൂത്രിത സ്വഭാവമുണ്ട്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് തള്ളാനാകില്ലെന്നുമാണ് എൻഐഎ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു.
english summary;Train attack: The court rejected the accused’s request to speak to the lawyer alone
you may also like this video;