Site icon Janayugom Online

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മരണം 15 ആയി, 60തോളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ ഗുഡ്സ് ട്രെയിന്‍ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസാണ് രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. അറുപതോളം പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുവപ്പ് സിഗ്നല്‍ മറികടന്ന് ചരക്ക് ട്രെയിന്‍ അമിതവേഗത്തിലെത്തി കാഞ്ചന്‍ജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നണ് പ്രാഥമിക നിഗമനം. 

അതേസമയം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ജയവര്‍മ സിന്‍ഹ പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വിതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍വക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കും. അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവസ്ഥലത്തേക്ക് ഉടന്‍ എത്താന്‍ ഡോക്ടര്‍മാര്‍ക്കും ദുരന്തനിവാരണ സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 

Eng­lish Summary:Trains col­lide in Ben­gal; The death toll is 15

You may also like this video

Exit mobile version